Image Credit: X/RudawEnglish
ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല നടത്തി കുഴിച്ചിട്ടെന്ന് കരുതുന്ന ശവകുഴി തുറന്ന് പരിശോധന ആരംഭിച്ച് ഇറാഖ്. ഐഎസ് സ്വയം പ്രഖ്യാപിത ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിന് തൊട്ടടുത്താണ് കൂട്ടശവക്കുഴി കണ്ടെത്തിയത്. ഖഫ്സ എന്നറിയപ്പെടുന്ന ഈ പ്രദേശം കുഴിച്ചുള്ള പരിശോധന ഓഗസ്റ്റ് പത്ത് മുതലാണ് ആരംഭിച്ചത്.
ജുഡീഷ്യറി, ഫോറൻസിക് വിഭാഗം, ഇറാഖി രക്തസാക്ഷി ഫൗണ്ടേഷൻ എന്നിവയാണ് ഖഫ്‌സയിൽ പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഡാറ്റാബേസ് നിർമിക്കും. ഇരകളെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനാണ് രക്തസാക്ഷി ഫൗണ്ടേഷന്‍റെ തീരുമാനം. എത്രപേരെ ഇവിടെ കുഴിച്ചിട്ടിട്ടുണ്ട് എന്നതില്‍ വ്യക്തതയില്ലെങ്കിലും ഐഎസ് കാലത്ത് ഇറാഖിലെ ഏറ്റവും വലിയ കുഴിമാടമായിരിക്കും ഖഫ്സയെന്ന് 2018 ല്‍ യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏകദേശം 4,000 മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിരിക്കാം എന്നാണ് കരുതുന്നത്. ഐ.എസ് ലക്ഷ്യമിട്ടിരുന്ന സൈനികര്‍, പ്രദേശവാസികള്‍, മതന്യൂനപക്ഷമായ യസീദി വിഭാഗക്കാര്‍ എന്നിവരെയാണ് ഇവിടെ അടക്കിയതെന്നാണ് കരുതുന്നത്. 150 മീറ്റർ ആഴത്തിലും 110 മീറ്റർ വീതിയുമുള്ളതാണ് നിലവില്‍ പരിശോധന നടക്കുന്ന ശവക്കുഴി. സൾഫർ കലർന്ന ഭൂഗർഭജലത്തിന്‍റെ സാന്നിധ്യം ഉള്ളതിനാല്‍ പരിശോധനയ്ക്ക് തടസമുണ്ട്.
2014-17 വരെ ഇറാഖിന്‍റെയും സിറിയയുടെയും വലിയൊരു ഭാഗം ഐഎസ് നിയന്ത്രണത്തിലായിരുന്നു. ഇസ്‍ലാമിക നിയമങ്ങളുടെ അടിച്ചേല്‍പ്പിക്കലും വ്യാപകമായ കൊലപാതകങ്ങളും തട്ടികൊണ്ടുപോകലുകളും ലൈംഗികാതിക്രമങ്ങളും ഇക്കാലയളവില്‍ നടന്നിട്ടുണ്ട്. 200 ലധികം വലിയ ശവകുഴികള്‍ ഇറാഖിലുടനീളം ഉണ്ടെന്നും ഇതില്‍ 12,000 ത്തോളം മൃതദേഹങ്ങള്‍ അടക്കിയിട്ടുണ്ടെന്നുമാണ് വിലയിരുത്തുന്നത്. 2016 ല്‍ ഒരു ദിവസം മാത്രം ഐഎസ് 280 ലധികം പേരെ ഖഫ്സയില്‍ അടക്കിയെന്നാണ് റിപ്പോര്‍ട്ട്.