Image Credit: x.com/aima
ഹിമാചലിനും കശ്മീരിനും പിന്നാലെ പാക്കിസ്ഥാനിലും മിന്നല്‍ പ്രളയവും മേഘവിസ്ഫോടനവും. 200ലേറെ പേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്ന് നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നതും. സ്വാത് നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് നോക്കി നില്‍ക്കെ ഒലിച്ചു പോയത്. വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.
നിനച്ചിരിക്കാതെ പ്രളയ ജലം ഇരച്ചെത്തിയതും നദികളിലെ കൂറ്റന്‍ പാറക്കെട്ടുകളില്‍ ആളുകള്‍ പ്രാണരക്ഷാര്‍ഥം നിലയുറപ്പിച്ചു. എന്നാല്‍ പാഞ്ഞെത്തുന്ന വെള്ളം ഒന്നിന് പുറകെ ഒന്നായി കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ ഒന്‍പതുപേരെ കവര്‍ന്നെടുത്തു. ആകെ 18 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
നോക്കി അലമുറയിട്ട് കരയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ലെന്ന് സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രണ്ടുമണിക്കൂറോളം പാറയില്‍ അള്ളിപ്പിടിച്ച് നിന്ന ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സമീപത്തേക്ക് എത്താന്‍ കഴിഞ്ഞതെന്നും അപകട മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നും ആളുകള്‍ പറയുന്നു. പ്രഭാത ഭക്ഷണം കഴിച്ച് കുട്ടികള്‍ കളിച്ചും സെല്‍ഫിയെടുത്ത് നില്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
മിന്നല്‍ പ്രളയം നാശം വിതച്ച സ്ഥലങ്ങളില്‍ പാക് സൈന്യം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പര്‍വത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ ആയിരത്തി മുന്നൂറോളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 35 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.