Image Credit: AP

ആണവായുധ ഭീഷണി ഇന്ത്യയ്ക്കെതിരെ മുഴക്കിയതിന് പിന്നാലെ പറഞ്ഞതില്‍ പാക് സൈനിക മേധാവ് അസിം മുനീറിന് വ്യാപക ട്രോളും വന്‍ വിമര്‍ശനവും. ഇന്ത്യയെ ആഡംബരക്കാറിനോടും പാക്കിസ്ഥാനെ ലോഡ് കയറ്റി വരുന്ന ലോറിയോടും ഉപമിച്ചാണ് അസിം മുനീര്‍ 'എയറി'ലായത്. ഫ്ലോറിഡയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു പരാമര്‍ശം. 

ഹൈവേയിലൂടെ പാഞ്ഞു പോകുന്ന തിളങ്ങുന്ന ആഡംബര മെഴ്സീഡിയസ് കാറാണ് ഇന്ത്യ. പക്ഷേ ഞങ്ങളാവട്ടെ, ഗ്രാവല്‍ കയറ്റി വരുന്ന ലോറിയും. ട്രക്ക് കാറിനെ ഇടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം? എന്നായിരുന്നു മുനീറിന്‍റെ ചോദ്യം. അത്താഴ വിരുന്നിലെ പ്രസംഗത്തിനിടെയാണ് അസിം മുനീര്‍ ആണവായുധ ഭീഷണിയും മുഴക്കിയത്. നിലനില്‍പ്പിന്‍റെ പ്രശ്നം വന്നാല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ പാക്കിസ്ഥാന്‍ മടിക്കില്ലെന്നും ലോകത്തിന്‍റെ പകുതിയും നശിപ്പിക്കാന്‍ ശേഷിയുണ്ടെന്നും മുനീര്‍ അവകാശവാദം ഉയര്‍ത്തി. 

പാക്കിസ്ഥാനെ വലിയ സംഭവമായി ഉയര്‍ത്തിക്കാട്ടിയാണ് മുനീര്‍ പ്രസംഗിച്ചതെങ്കിലും സ്വന്തം രാജ്യത്തിനകത്തും പുറത്തും മുനീര്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് നേരിടുന്നത്. അസിം മുനീറിന്‍റെ സങ്കല്‍പ്പത്തില്‍ പോലും ഇന്ത്യ മഹത്തരവും പാക്കിസ്ഥാന്‍ വെറും ട്രക്കുമാണെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. സ്വന്തം രാജ്യത്തെ ഇങ്ങനെ ആക്ഷേപിക്കാന്‍ പാടുണ്ടോയെന്നും ഭാവനയിലെങ്കിലും കുറച്ച് ആഡംബരമായിക്കൂടേയെന്നും ട്രോളുകള്‍ നിറയുന്നു. 'അസിം മുനീര്‍ പറഞ്ഞതില്‍ ഒരു കാര്യം സത്യമായണ്, ഇന്ത്യ അത്യാഡംബരക്കാര്‍ പോലെ സുന്ദരമാണ്, മുനീറിന്‍റെ പാക്കിസ്ഥാന്‍ വെറും ലോറിയും. ബാക്കി മുനീര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിക്കും സങ്കല്‍പ്പമാണെന്നും' ഒരു ട്വീറ്റില്‍ പറയുന്നു. 

അമേരിക്കന്‍ മണ്ണില്‍ ചെന്നിട്ട് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയ ശേഷം യുഎസിന്‍റെയും ചൈനയുടെയും പിന്നില്‍ മറയാമെന്നാണ് പാക് സൈനിക മേധാവി കരുതുന്നത്. അബദ്ധങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും പുറത്ത് ജീവിക്കുന്ന ദുര്‍ബലമായ കൂട്ടമാണ്  പാക്കിസ്ഥാന്‍റെ സൈന്യം. ഇന്ത്യയുണ്ടാക്കാന്‍ പോകുന്ന ഡാം തകര്‍ക്കാമെന്നൊക്കെ മനക്കോട്ടെ കെട്ടി മുനീര്‍ കാത്തിരിക്കുമ്പോള്‍ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയില്‍ പാക്കിസ്ഥാന്‍ വീഴുന്നത് യഥാര്‍ഥത്തില്‍ കാണാമെന്നും ഒരു സഖ്യശക്തിക്കും പാക്കിസ്ഥാനെ രക്ഷിക്കാന്‍ കഴിയില്ലെന്നും കമന്‍റുകളുണ്ട്. അസിം മുനീറിനെ പോലെ സ്വന്തം രാജ്യത്തെ വില കുറച്ച് കാണുന്നൊരാള്‍ തന്നെയാണ് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയാകാന്‍ യോഗ്യനെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 

ENGLISH SUMMARY:

Asim Munir's comments sparked controversy. He is facing widespread criticism after issuing a nuclear threat against India and comparing the two countries in a bizarre manner.