ലണ്ടൻ മൃഗശാലയില്‍ സഹപ്രവർത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ യുവാവിന് മുന്നറിയിപ്പുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും എല്ലാം അവഗണിച്ച് യുവതിയെ വീണ്ടും ശല്യം ചെയ്തതോടെയാണ് അധികൃതര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളിയായ ആശിഷ് ജോസ് പോളി (24) നെതിരെയാണ് നടപടി.
ദി ഡെയ്‌ലി മെയിലിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവാവ് ലണ്ടൻ മൃഗശാലയിലെ കഫേയിൽ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നുണ്ട്. മൃഗശാലയില്‍ വച്ചാണ് യുവതിയെ കണ്ടുമുട്ടുന്നത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറ് മാസത്തിനിടയില്‍ പല തരത്തിലും തന്നെ ഇയാള്‍ ഉപദ്രവിച്ചതായി യുവതി പറയുന്നു. നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും പൂക്കളും ചോക്ലേറ്റുകളും നല്‍കുകയും ചെയ്തു. ഒടുവിൽ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ ജോലിസ്ഥലത്തെത്തി ശല്യം തുടര്‍ന്നു.
ഈ വർഷം ജനുവരി മുതൽ യുവതിയെ ശല്യം ചെയ്തതിന് ആശിഷ് ജോസ് പോള്‍ പലതവണ അറസ്റ്റിലായിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെടരുത്, ലണ്ടൻ മൃഗശാലയില്‍ പോകരുത് എന്നിങ്ങനെ നിബന്ധനകളോടെ യുവാവിന് ജാമ്യം അനുവദിച്ചെങ്കിലും ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ജാമ്യത്തിലിറങ്ങി പിറ്റേദിവസം തന്നെ യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചതിന് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീണ്ടും വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പക്ഷേ വീണ്ടും മൃഗശാലയിലെത്തി യുവതിയെ ശല്യം ചെയ്തു. ഇത്തരത്തില്‍ മൂന്ന് തവണയാണ് യുവാവ് അറസ്റ്റിലായത്. മൂന്നാം തവണ ലണ്ടൻ മൃഗശാലയുടെ 50 മീറ്ററിനുള്ളിൽ പോകരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. എന്നാല്‍ വീണ്ടും മൃഗശാലയിലെത്തിയ ഇയാള്‍ അറ്റൻഡന്റുമാരോട് സഹപ്രവർത്തകയുമായി താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞതായി ടാബ്ലോയിഡ് റിപ്പോർട്ട് ചെയ്യുന്നു.
ആശിഷ് ജോസ് പോളിന്‍റെ ശല്യം ചെയ്യല്‍ കാരണം തനിച്ചായിരിക്കുമ്പോള്‍ ഭയം തോന്നാറുണ്ടെന്ന് യുവതി പറയുന്നു, ലണ്ടനിൽ കഴിയാൻ ഭയമാണ്. ഈ സംഭവം എന്നെ വൈകാരികമായും മാനസികമായും തളര്‍ത്തി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്‍റെ സുരക്ഷയെക്കുച്ച് ആശങ്കപ്പെടുന്നുണ്ട്. എനിക്ക് സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടു. എല്ലായ്പ്പോളും സുരക്ഷയ്ക്കായി ഒരാള്‍ കൂടെയുണ്ടാകേണ്ടത് ആവശ്യമായി വന്നു എന്നും യുവതി പറയുന്നു. നിലവില്‍ യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
അതേസമയം, യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്നാണ് ആശിഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യുവതിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് തെളിവുകളൊന്നുമില്ലെന്നും പ്രതിഭാഗം അഭിഭാഷകയായ ജോർജിന ലെയ്ൻ വാദിച്ചു. യുവതി അനുഭവിക്കേണ്ടിവന്നതിനെ കുറച്ചുകാണുകയല്ല, എങ്കിലും ഈ കോടതിക്ക് മുന്‍പിലെത്തിയ മറ്റ് കുറ്റകൃത്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അത്രത്തോളം ഗുരുതരമല്ലെന്നും പ്രതിഭാഗം വാദിച്ചു. ആശിഷ് ജോസ് പോളിന് ഓട്ടിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പ്രതിഭാഗം വാദിക്കുമ്പോളും കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗം ആശിഷ് തന്നെയാണെന്ന് പറയുന്നതില്‍ സംശയമുണ്ടെന്ന് ജഡ്ജി പറുന്നു. ഈ രണ്ട് കാര്യങ്ങളും പരസ്പര വിരുദ്ധമാണെന്ന് ജഡ്ജി പറഞ്ഞതായി ദി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ ആറുമാസത്തെ ശിക്ഷയാണ് ജഡ്ജി വിധിച്ചിരിക്കുന്നത്. യുവതിയെ ഒരുവര്‍ഷത്തിനുള്ളില്‍ വീണ്ടും ശല്യപ്പെടുത്തുകയാണെങ്കില്‍ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ജഡ്ജി ഓര്‍മ്മിക്കുകയുണ്ടായി. ആശിഷിന്‍റെ വീസ 2025 സെപ്റ്റംബർ 13 ന് അവസാനിക്കവേ, നാടുകടത്തലിനുള്ള മുന്നറിയിപ്പും ജഡ്ജി നല്‍കിയിട്ടുണ്ട്.