മോഡലിങ് രംഗം എന്നും പ്രാധാന്യം നല്‍കാറുള്ളത് മെലിഞ്ഞവര്‍ക്കാണ്. മെലിഞ്ഞ് നീണ്ട കൈകളും ആറടിയുടെ അടുത്ത് ഉയരവും, ഒതുങ്ങിയ ശരീരവും എല്ലാമാണ് ഫാഷന്‍ ലോകം പ്രാധാന്യം കൊടുക്കുന്ന ശരീരഘടന. എന്നാല്‍ സൗന്ദര്യം കാണുന്നവന്‍റെ കണ്ണിലാണെന്നതാണല്ലോ പറയുന്നത്. ഇപ്പോഴിതാ പരമ്പരാഗത മോഡലിനെ പരസ്യത്തില്‍ കാണിച്ച് പ്രതിഷേധമേറ്റുവാങ്ങിയിരിക്കുകയാണ് ഫാഷന്‍ ബ്രാന്‍ഡായ സാറ. മോഡല്‍ വളരെ മെലിഞ്ഞിട്ടാണ് തീരെ ആരോഗ്യവതിയല്ല എന്നതാണ് പരസ്യത്തിനെതിരെ ഉയര്‍ന്നുവരുന്ന ആക്ഷേപം. ഇനി ഇത്തരം മോഡലുകളെ പരസ്യത്തില്‍ കാണിക്കുന്നതിന് വിലക്കുമുണ്ട്.
യുകെയിലെ പരസ്യങ്ങളെ നിയന്ത്രിക്കുന്ന അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ്. വിലക്കുമായി രംഗത്തെത്തിയത്. നിഴലുകളും മുടികെട്ടലും കണ്ട് മോഡല്‍ അസുഖബാധിതയായി തോന്നുന്നു, തോളെല്ല് പുറത്തേക്ക് തള്ളി നില്‍ക്കുന്നു. ഇത്തരം സാങ്കല്‍പികവും ആരോഗ്യമില്ലാത്തതുമായ ശരീരം കാണിച്ച് സാറ ഉത്തവാദിത്വമില്ലായ്മയാണ് കാണിക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.
തങ്ങളുടെ പേജുകളില്‍ നിന്ന് പരസ്യം ഒഴിവാക്കിയാണ് സാറ ആരോപണങ്ങളില്‍ പ്രതികരിച്ചത്. തങ്ങള്‍ അവതരിപ്പിച്ച മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവതിയാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഹാജരാക്കാമെന്നും സാറ പറഞ്ഞു. ചിത്രങ്ങളിലെല്ലാം ലൈറ്റിങും ചെറിയ രീതിയില്‍ കളറിങും നല്‍കിയതല്ലാതെ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2007ല്‍ യുകെയില്‍ മോഡലുകളുടെ ആരോഗ്യത്തിനായി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള രീതിയിലാണ് തങ്ങള്‍ പരസ്യങ്ങള്‍ ചെയ്യാറുള്ളതെന്നും സാറ പറഞ്ഞു.
മോഡലുകള്‍ മെലിഞ്ഞതായതിനാല്‍ അവരുടെ ചിത്രങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുന്ന രീതി യുകെയിലെ ഫാഷന്‍ കടകള്‍ പുതുതായി സ്വീകരിച്ചുവരുന്നുണ്ട്. ഇത്തരം മോഡലുകളെ കണ്ട് ഈ ശരീരഘടന വരുത്തുന്നതിനായി വിദ്യാര്‍ഥികള്‍ പട്ടിണി വരെ കിടക്കാറുണ്ടെന്നാണ് നിരീക്ഷണം.