ഓമനിച്ച് വളര്‍ത്തിയ പ്രിയപ്പെട്ട പട്ടിയെ ഒരു സിംഹത്തിന് തീറ്റയായി കൊടുത്താലോ. പ്രിയപ്പെട്ട പൂച്ചയെ ഒരു കരടിക്ക് സ്നാക്ക്സായി കൊടുത്താലോ...? ഞെട്ടിക്കാനല്ല, ഡെന്‍മാര്‍ക്കിലെ മൃഗശാല അവതരിപ്പിക്കുന്ന പുതിയൊരു പദ്ധതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആവശ്യമില്ലാത്ത വളര്‍ത്തുമൃഗങ്ങളെ മൃഗശാലയിലേക്ക് ദാനം ചെയ്യുക, ഇവയെ ദയാവധം ചെയ്ത് മൃഗശാലയിലെ മൃഗങ്ങള്‍ക്ക് തീറ്റയായി നല്‍കും. ഇതാണ് മൃഗശാലയുടെ പുത്തന്‍പദ്ധതി.
ഉടമകള്‍ക്ക് ആവശ്യമില്ലാത്ത ജീവനുള്ള കോഴികള്‍, മുയലുകള്‍, ഗിനിപ്പന്നികള്‍ എന്നിവയെയാണ് പ്രധാനമായും മൃഗശാല ആവശ്യപ്പെടുന്നത്. ഇവയെ ദയാവധം ചെയ്ത് മൃഗശാലയിലെ മൃഗങ്ങള്‍ക്ക് കൊടുക്കുന്നതാണ് പദ്ധതി. കുതിരകളെയും മൃഗശാലയ്ക്ക് സ്വീകാര്യമാണ്. ഇങ്ങനെ മൃഗദാനം ചെയ്യുന്നവര്‍ക്ക് നികുതിയില്‍ ഇളവ് നല്‍കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.
മൃഗങ്ങള്‍ക്ക് പോഷകസമൃദ്ധവും വ്യത്യസ്തതയുള്ളതുമായ ഭക്ഷണ അന്തരീക്ഷം ഒരുക്കുന്നതിന് ഈ പദ്ധതി ഏറെ ഉപകാരപ്പെടുമെന്നാണ് മൃഗശാലയുടെ വാദം. അതുപോലെത്തന്നെ എല്ലാ മൃഗങ്ങള്‍ക്കും മാംസക്കഷ്ണങ്ങള്‍ കൊടുക്കുന്നതിന് പകരം ഭക്ഷണത്തെ മുഴുവന്‍ രൂപത്തില്‍ കൊടുക്കുന്നത് അവരുടെ മനോനില മെച്ചപ്പെടുത്തുന്നതിന് ഉപകാരമാകും എന്നും വിലയിരുത്തലുണ്ട്. ചില ജീവികള്‍ക്ക് ഇറച്ചി മാത്രമായി ലഭിക്കുന്നത് വലിയ താല്‍പര്യമില്ല എന്നതാണ് വിഷയം.
തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും മൃഗങ്ങളെ നല്‍കാം. മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തണമെന്നൊന്നുമില്ല. ഒരാള്‍ക്ക് നാല് വളര്‍ത്തുമൃഗങ്ങളെ വരെ ഒരു ദിവസം എത്തിക്കാന്‍ അനുവാദമുണ്ട്. ചെറിയ മൃഗങ്ങളെ ദാനമായി നല്‍കുന്നതിന് പ്രത്യേകിച്ച് പാരിതോഷികം ഒന്നും ലഭിക്കില്ലെങ്കിലും കുതിരയെ നല്‍കുന്നവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ട്. പാസ്പോര്‍ട്ട് ഉള്ള കുതിരകളെ മാത്രമേ മൃഗശാല സ്വീകരിക്കുകയുള്ളു. 30 ദിവസത്തിനുള്ളില്‍ കുതിരയ്ക്ക് ഒരസുഖവും വന്നിട്ടില്ലെന്ന രേഖയും ഹാജരാക്കണം. കുതിരയെ നല്‍കുന്നവര്‍ക്കും നികുതിയില്‍ ചെറിയ ഇളവ് ലഭിക്കും.