This video grab from a drone handout footage released by Geophysical Service of the Russian Academy of Sciences on July 30, 2025, shows tsunami-hit Severo-Kurilsk on Paramushir island of Russia's northern Kuril islands.
2025 ജൂലൈ 5, ജപ്പാന് ഒരു പക്ഷേ മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നിരിക്കണം, കാരണം ഒരു പ്രവചനത്തിന്‍റെ പേരില്‍ ജപ്പാന്‍ ഉറങ്ങാതെ കഴിച്ചുകൂട്ടിയ ദിനം. വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നും റയോ തത്സുകി എന്ന ജപ്പാനിലെ ‘പുതിയ ബാബാ വാംഗ’യുടെ പ്രവചനമായിരുന്നു അന്ന് ജപ്പാനെ പിടിച്ചുലച്ചത്. പക്ഷേ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ജൂലൈ 5 ഏതൊരു സാധാരണ ദിവസം പോലെയും കടന്നുപോയി. എന്നാല്‍ ഇന്ന് ഒരു മാസത്തിനകം ഉണ്ടായ അതിതീവ്ര ഭൂചലനങ്ങളും പിന്നാലെയുണ്ടായ സുനാമി തിരമാലകളും റഷ്യയിലും ജപ്പാനിലും ആശങ്ക സൃഷ്ടിക്കുകയാണ്. ജൂലൈ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ, റിയോ തത്സുകിയുടെ പ്രവചനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
8.7 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് ജപ്പാനെയും റഷ്യയെയും വിറപ്പിച്ചത്. പിന്നീട് 8.7 അല്ല 8.8 ആയിരുന്നു ഭൂചലനത്തിന്‍റെ തീവ്രതയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് 1952ന് ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമായി ഇത് മാറി. ഭൂചലനത്തിന് പിന്നാലെ വന്‍തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുകയും അമേരിക്കയിലും ഹവായിലും ന്യൂസിലന്‍ഡിലുമടക്കം സുനാമി മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ജപ്പാനിലെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ എത്രയും വേഗം ഉയര്‍ന്ന മേഖലകളിലേക്ക് മാറണമെന്നായിരുന്നു ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. പ്രദേശങ്ങള്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ഉടനടി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പസഫികിലുണ്ടായ സുനാമി തിരമാലകള്‍ ജപ്പാനിലും അമേരിക്കയിലെ ഹവായിലും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. റിയോ തത്സുകിയുടെ പ്രവചനത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ ഭൂചലനവും സുനാമിയും ഉണ്ടാകുന്നത് എന്നതാണ് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്.
എന്തായിരുന്നു റിയോ തത്സുകിയുടെ പ്രവചനം?
2025 ജൂലൈയിൽ മഹാദുരന്തം സംഭവിക്കുമെന്നാണ് പുതിയ ബാബാ വാംഗ എന്ന് അറിയപ്പെടുന്ന റിയോ തത്സുകിയുടെ മുന്നറിയിപ്പ്. ജപ്പാനും ഫിലിപ്പീൻസിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011-ലെ തോഹോകു ദുരന്തത്തിൽ കണ്ടതിനേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമികൾ ഉണ്ടാകുമെന്നുമാണ് പ്രവചനം. ജപ്പാനിലെ സമുദ്രങ്ങൾ തിളച്ചുമറിയുമെന്ന് ഇവരുടെ പ്രവചനത്തിലുണ്ട്. ഇത് വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘ഞാന്‍ കണ്ട ഭാവി’ (The Future I Saw) എന്ന തന്‍റെ പുസ്തകത്തിലൂടെയായിരുന്നു ഈ പ്രവചനങ്ങളെല്ലാം ഇവര്‍ നടത്തിയിരുന്നത്. ജൂലൈ അഞ്ചിനും അതിന് മുന്‍പുള്ള ചില ദിവസങ്ങളിലും ശക്തമായി തന്നെ ഭൂചലനങ്ങളുണ്ടായത് ജപ്പാനെ തെല്ലൊന്ന് അലട്ടിയിരുന്നു. എങ്കിലും വലിയ ചലനങ്ങളോ ഒന്നും ഉണ്ടായില്ല. ജൂലൈ അവസാനിക്കും വരെ ജപ്പാനെ വീണ്ടും ഭയത്തിലേക്ക് തള്ളിവിട്ടതായി സോഷ്യല്‍മീഡിയയില്‍ കാണാം.
ഇന്നുണ്ടായ ഭൂചലനം
റഷ്യയിലെ കംചത്ക തീരത്ത് 1952ന് ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഇന്നുണ്ടായതെന്നാണ് ജിയോഫിസിക്കല്‍ സര്‍വേ പറയുന്നത്. 1,80000 ജനസംഖ്യയുള്ള പെട്രോപവലോസ്ക്– കംചാത്ക നഗരത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പിന്നാലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഹവായി, ചിലി, ജപ്പാന്‍, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ശക്തമായ തിരമാലകള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. പസഫിക് സമുദ്രത്തിലുണ്ടായ സുനാമിത്തിരമാലകള്‍ ജപ്പാനിലും അമേരിക്കയിലെ ഹവായിലും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാലുമീറ്റര്‍ ഉയരമുള്ള സൂനാമിത്തിരകള്‍ കംചാറ്റ്സ്കിയില്‍ കെട്ടിടങ്ങൾക്ക് ഉള്‍പ്പെടെ നാശമുണ്ടാക്കി.
ആരാണ് പുതിയ ബാബാ വാംഗ?
വര്‍ഷാവസാനങ്ങളില്‍ പ്രവചനങ്ങളുമായി എത്താറുള്ള ബാബ വാംഗയുമായി താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. വർഷങ്ങളായി താൻ നേടി എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന സ്വന്തം ‘ദര്‍ശനങ്ങളുടെ’ സമാഹാരമായ ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പുസ്തകം 1999 ൽ പുറത്തിറങ്ങിയതോടെയാണ് ഇവര്‍ ശ്രദ്ധനേടുന്നത്. 2011 മാർച്ചിൽ ജപ്പാന്‍റെ വടക്കൻ തോഹോകു മേഖലയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പവും സുനാമിയുമടക്കം താന്‍ പ്രവചിച്ച അതേ വര്‍ഷം, അതേമാസം നടന്നെന്നാണ് ഇവരുടെ അവകാശവാദം. 2021 ല്‍ ഈ പുസ്തകം പുതിയ പതിപ്പായി വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിലാണ് 2025 ജൂലൈയിൽ ജപ്പാനില്‍ മഹാദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ജപ്പാനും ഭൂചലനങ്ങളും
നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സുനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയും കടന്നുപോകുന്നു.
This handout satellite image received from DigitalGlobe, 29 December 2004, and taken at 10:20am local time on 26 December 2004 shows the swirling waters off coastline on the southwestern city of Kalutara, Sri Lanka shortly after a tsunami hit the area. The Sri Lankan coastline has been devastated by the tsunami which was triggered by a massive 9.0 earthquake of the Indonesian island of Sumatra across the Indian Ocean. (EDITORIAL USE ONLY MANDATORY CREDIT: DIGITALGLOBE) AFP PHOTO
സുനാമി ഉണ്ടാകുന്നതെങ്ങിനെ?
ഭൂചലനങ്ങള്‍ പോലുള്ള സമുദ്രത്തിന്റെ അടിത്തട്ടിലെ പെട്ടെന്നുള്ള ചലനങ്ങൾ മൂലമാണ് സുനാമി ഉണ്ടാകുന്നത്. ഈ ശക്തമായ ചലനങ്ങള്‍ മൂലം ജലം ശക്തമായി മുകളിലേക്ക് ഉയരുമ്പോൾ സൂനാമിതരംഗങ്ങൾ രൂപപ്പെടുന്നു. ഒരു ജെറ്റ് പ്ലെയിനിന്റെ വേഗതയിൽ സമുദ്രങ്ങളിലൂടെ സഞ്ചരിക്കാന്‍ ഈ തിരമാലകള്‍ക്കാകുമത്രേ. ഭൂചലനങ്ങള്‍ മാത്രമല്ല, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, സമുദ്രാന്തർ ചലനങ്ങൾ തുടങ്ങി വിവിധ കാരണങ്ങൾ സൂനാമിക്ക് കാരണമാവാം. സു എന്നാൽ തുറമുഖം എന്നും നാമി എന്നാൽ തിരയെന്നും അര്‍ഥം വരുന്ന ജപ്പാന്‍ ഭാഷയില്‍ നിന്നാണ് സുനാമി എന്ന പേര് വരുന്നത്.