പ്രതീകാത്മക ചിത്രം.
ഒറ്റക്കുട്ടി നയത്തില്‍ പെട്ട് കഷ്ടപ്പെട്ട ചൈന ഇപ്പോള്‍ ഒരു കുടുംബത്തില്‍ മൂന്നു മക്കളാകാം എന്ന തീരുമാനത്തിലെത്തിയിട്ട് അധികകാലമായിട്ടില്ല. യുവാക്കളുടെ ചൈന മാറി വയോധികരുടെ ചൈന ആയപ്പോഴാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മക്കളെ വളര്‍ത്താന്‍ സര്‍ക്കാര്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്യുകയാണ്.
10,800 യുവാനാണ് ഒരു കുട്ടിക്ക് സര്‍ക്കാര്‍ നല്‍കുക. മൂന്നു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതിയാണ്. സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ജനസംഖ്യയില്‍ കാര്യമായ വര്‍ധന ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നീങ്ങിയത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
2025 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ സബ്സിഡിയായി പണം നല്‍കും. ഒരു കുട്ടിക്കായി ഒരു വര്‍ഷം സര്‍ക്കാര്‍ ചെലവിടുക 3,600 യുവാനാണ്. ഒരു കുടുംബത്തില്‍ മൂന്നു കുട്ടികള്‍ക്കു വരെ മൂന്നുവയസ്സുവരെ സര്‍ക്കാര്‍ ഈ ധനസഹായം നല്‍കും. 2025 ജനുവരി ഒന്നിന് മുന്‍പ് ജനിച്ച കുട്ടികളാണെങ്കിലും മൂന്ന് വയസ്സ് കവിഞ്ഞിട്ടില്ലെങ്കില്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നതാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയില്‍ ഏകദേശം 20 പ്രവിശ്യകളില്‍ കുട്ടികള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികള്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തില്‍ ഇത്ര വലിയ ഒരു പദ്ധതിപ്രഖ്യാപനമുണ്ടാകുന്നത് ഇതാദ്യമായാണ്. ഇത് രാജ്യത്തിന്‍റെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണെന്നാണ് ചൈനയിലെ സാമ്പത്തിക വിദഗ്ദനായ ഹുവാങ് ഷിയുന്‍ പറഞ്ഞിരിക്കുന്നത്. കുറച്ചുകൂടി സാമ്പത്തിക സഹായം വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ലെ കണക്കുകള്‍പ്രകാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജനസംഖ്യയില്‍ രാജ്യം കീഴ്പ്പോട്ടായിരുന്നു. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്ന ഒറ്റക്കുട്ടി നയമാണ് ഇതിന് കാരണമെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നതുമാണ്. ഇതില്‍ ഇളവ് വരുത്തിയതിനു ശേഷം 2017ല്‍ ചൈനയിലെ ജനന നിരക്കില്‍ ആദ്യമായി വര്‍ധന രേഖപ്പെടുത്തി. 2024ലെ കണക്കുകളിലും ഭേദപ്പെട്ട മാറ്റം കാണാനായി.
വരും മാസങ്ങളില്‍ ജനന നിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. എന്നാല്‍ 2023നെ അപേക്ഷിച്ച് 2024ല്‍ വിവാഹിതരായവര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഇതിന് സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ചിലര്‍. 2023നെ അപേക്ഷിച്ച് 20 ശതമാനം കുറവാണ് 2024ല്‍ വിവാഹത്തിന് അപേക്ഷിച്ചവരിലുള്ളത്. 6.11 മില്യണ്‍ ദമ്പതികളാണ് 2024ല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ജനന നിരക്ക് കുറയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.