പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയാണ് ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന സെപ്റ്റംബറില്‍ ചേരുന്ന സമ്മേളനത്തില്‍ താന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗാസയില്‍ സമാധാനം സാധ്യമാണെന്നും മക്രോ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ഗാസയിലെ സാധാരണ ജനങ്ങളുടെ ജീവന് അടിയന്തരമായി സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Photo by Geoffroy VAN DER HASSELT / AFP
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നും, ഹമാസിന്‍റെ പിടിയിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നും മക്രോ ആവശ്യപ്പെട്ടു. ഹമാസിനെ നിരായുധീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ഗാസ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും പലസ്തീന്‍ രാഷ്ട്രം പണിതെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മധ്യപൂര്‍വേഷ്യ സമാധാനത്തില്‍ കഴിയണമെന്ന് ഫ്രാന്‍സ് ആഗ്രഹിക്കുന്നു. അതിന് വേണ്ടി ഇസ്രയേലിനും പാലസ്തീനും മറ്റ് രാജ്യാന്തര പങ്കാളികള്‍ക്കുമൊപ്പം സമാധാനത്തിനായി ഫ്രാന്‍സ് പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ഇസ്രയേലിന് നേരെ മിന്നലാക്രമണം നടത്തിയപ്പോള്‍ ഫ്രാന്‍സ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഗാസയില്‍ ഇസ്രയേല്‍ നിലവില്‍ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികളില്‍ മക്രോ തീര്‍ത്തും അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന ഏറ്റവും കരുത്തുറ്റ യൂറോപ്യന്‍ രാഷ്ട്രവും ഫ്രാന്‍സാകും. പന്ത്രണ്ടിലേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ ഇതിനകം സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ യൂറോപ്പിലേക്കും തന്നെ ഏറ്റവുമധികം ജൂതന്‍മാരും മുസ്ലിംകളും ഫ്രാന്‍സിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ മധ്യപൂര്‍വേഷ്യയിലെ പ്രശ്നങ്ങള്‍ വലിയൊരളവ് വരെ ഫ്രാന്‍സിനെ ബാധിക്കാറുമുണ്ട്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ ചെങ്കടലിലൂടെയുള്ള ചരക്കുനീക്കമടക്കം ഹൂതികള്‍ താറുമാറാക്കിയിരുന്നു. ഇത് ഫ്രാന്‍സുള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത സാമ്പത്തിക ആഘാതമാണ് നല്‍കിയത്. ഇതും പലസ്തീന്‍ അനുകൂല തീരുമാനം സ്വീകരിക്കാന്‍ മക്രോയെ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്. അടുത്തയാഴ്ച യുഎന്നിലാരംഭിക്കുന്ന സമ്മേളനത്തില്‍ ദ്വിരാഷ്ട്ര പ്രമേയം അവതരിപ്പിക്കാനും ഫ്രാന്‍സ് തീരുമാനിച്ചിരുന്നു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന നിലപാടിലും ഫ്രാന്‍സിന് മാറ്റമില്ല.
അതേസമയം, ഫ്രഞ്ച് ചരിത്രത്തിലെ തന്നെ കറുത്ത പാടാണ് മക്രോയുടെ തീരുമാനമെന്നും ഭീകരവാദത്തെ നേരിട്ട് പിന്തുണയ്ക്കുന്ന തീരുമാനമാണിതെന്നും ഇസ്രയേല്‍ ഉപ പ്രധാനമന്ത്രി യാരിവ് ലെവിന്‍ പ്രതികരിച്ചു. ലജ്ജിപ്പിക്കുന്ന നടപടിയാണ് ഫ്രാന്‍സിന്‍റേതെന്നും വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ പരമാധികാരം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഇതിനര്‍ഥമെന്നും ലെവിന്‍ കൂട്ടിച്ചേര്‍ത്തു.