Image:x
തദ്ദേശീയമായി ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചെടുത്ത് തുര്‍ക്കി. ടൈഫണ്‍ ബ്ലോക്ക് 4 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ആറര മീറ്റര്‍ നീളവും ഏഴുടണ്‍ ഭാരവുമാണുള്ളത്. അതീവ തീവ്രതയുള്ള സ്ഫോടക വസ്തുക്കളും വഹിച്ച് 800 കിലോ മീറ്ററോളം ടൈഫണ്‍ ബ്ലോക്ക് 4 സഞ്ചരിക്കുമെന്നാണ് തുര്‍ക്കിയുടെ അവകാശവാദം. ഒരേ സമയത്ത് ഒന്നിലധികം ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ടൈഫണിന് ശേഷിയുണ്ടെന്നാണ് തുര്‍ക്കി അവകാശപ്പെടുന്നത്. വ്യോമപ്രതിരോധം, കമാന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, സൈനിക ഹാങറുകള്‍, തന്ത്ര പ്രധാന സൈനിക കേന്ദ്രങ്ങള്‍ എന്നിവ ഒരേ സമയം ഭസ്മീകരിക്കാന്‍ പോന്നതാണ് ടൈഫണെന്ന് റോക്കറ്റ്സാനും പറയുന്നു.
ട്രാക്ക് ചെയ്യാനും ഭേദിക്കാനും ഏറെക്കുറെ അസാധ്യമായ അത്യാധുനിക ക്രൂസ് മിസൈലാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. ശബ്ദത്തിന്‍റെ വേഗതയെക്കാള്‍ അഞ്ചിരട്ടി വേഗത്തിലാകും ഇത് സഞ്ചരിക്കുക. എന്നാല്‍ ലക്ഷ്യത്തിലേക്ക് പതിക്കുന്നതിന് തൊട്ടു മുന്‍പ് മാത്രമാകും ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഹൈപ്പര്‍ സോണിക് വേഗം കൈവരികയെന്നും വിദഗ്ധര്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ–പാക് സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഇസ്‍ലാമാബാദിന് വാരിക്കോരി ആയുധങ്ങളും സാങ്കേതിക വിദ്യകളും നല്‍കിയ രാജ്യമാണ് എര്‍ദോഗന്‍റെ തുര്‍ക്കി. പാക്കിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള ഗാഢമായ നയതന്ത്ര ബന്ധം ലോകത്തിന് വെളിവാകുകയും ചെയ്തു. ആയുധക്കൈമാറ്റം സ്ഥിരീകരിക്കാന്‍ പക്ഷേ തുര്‍ക്കിയും പാക്കിസ്ഥാനും വിസമ്മതിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം തെളിവ് സഹിതം വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്‍ യഥേഷ്ടം ഉപയോഗിച്ചുവെന്നാണ് ലഫ്റ്റനന്‍റ് ജനറല്‍ രാഹുല്‍ ആര്‍. സിങ് വെളിപ്പെടുത്തിയത്.
മേയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് തുര്‍ക്കി പരസ്യമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി തുര്‍ക്കി വിദേശകാര്യമന്ത്രി ഹാകന്‍ ഫിദാന്‍ ജൂലൈ ആദ്യം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ വളര്‍ന്നുവരുന്ന സഹകരണം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നാണ് സൈന്യം ഉറ്റുനോക്കുന്നത്.