ഡെബോറ മേസണ്‍, റോസാന്‍ മേസണ്‍
റാണി ഈച്ച! വമ്പന്‍ ലഹരി ഇടപാടുകളിലൂടെ തങ്ങളെ അമ്പരപ്പിച്ച അറുപത്തഞ്ചുകാരിക്ക് ബ്രിട്ടിഷ് പൊലീസ് നല്‍കിയ പേരാണിത്. കഴിഞ്ഞ വര്‍ഷം പിടിയിലായ ‘ഗാങ്സ്റ്റര്‍ മുത്തശ്ശി’യെ ഒടുവില്‍ കോടതി 20 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മക്കളെയും സഹോദരിയെയും എല്ലാം ഒപ്പം കൂട്ടിയാണ് 65 വയസുള്ള ഡെബോറ മേസണ്‍ വമ്പന്‍ ലഹരി കാര്‍ട്ടല്‍ കെട്ടിപ്പടുത്തത്. വെറും ഏഴുമാസം കൊണ്ട് സംഘം ലണ്ടനിലും ബ്രിട്ടണിലെ മറ്റ് പ്രധാന നഗരങ്ങളിലും ഒരു ടണ്ണോളം കൊക്കെയ്ന്‍ വിതരണം ചെയ്തെന്നാണ് മെട്രൊപൊളിറ്റന്‍ പൊലീസിന്‍റെ കുറ്റപത്രം. ഡെബോറയുടെ കുടുംബത്തിലെ ഏഴുപേര്‍ക്കുകൂടി ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതി 10 മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു.
അടുത്തിടെ പുറത്തുവന്ന ‘ഡബ്ബാ കാര്‍ട്ടര്‍’ എന്ന നെറ്റ്ഫ്ലിക്സ് സീരിസിനെ അനുസ്മരിപ്പിക്കുന്ന കഥയാണ് ഡെബോറ മേസണിന്‍റേത്. 2023 ഏപ്രില്‍ ആണ് ഡെബോറ കൊക്കെയ്ന്‍ ഇടപാട് ആരംഭിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ലണ്ടന്‍ മുതല്‍ ബ്രാഡ്‍ഫഡ്, ബിര്‍മിങ്ങാം, ബ്രിസ്റ്റള്‍, കാര്‍ഡിഫ് തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും ‘റാണി ഈച്ച’യുടെ കൊക്കെയ്ന്‍ പായ്ക്കറ്റുകള്‍ എത്തി. വിദേശത്തുനിന്ന് കൊക്കെയ്ന്‍ വരുത്തുന്നതും അത് എന്‍ട്രി പോയന്‍റുകളില്‍ എത്തി കലക്ട് ചെയ്യുന്നതും പിന്നീട് ചെറുപൊതികളാക്കി വിതരണം ചെയ്യുന്നതുമെല്ലാം ഡെബോറയുടെ കുടുംബാംഗങ്ങളും ഉറ്റ ബന്ധുക്കളുമായിരുന്നു. സംഘത്തിലെ ഓരോരുത്തും പ്രതിദിനം ആയിരം പൗണ്ട് (1.15 ലക്ഷം രൂപ) സമ്പാദിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ആര്‍ഭാടജീവിതത്തിന് പണം കണ്ടെത്താനാണ് ഡെബോറയും കുടുംബവും കൊക്കെയ്ന്‍ കള്ളക്കടത്തും കച്ചവടവും ആരംഭിച്ചത്. അതില്‍ നിന്ന് കിട്ടിയ പണത്തിന്‍റെ തോത് കണ്ട് അന്തം വിട്ട അവര്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ബ്രിട്ടണിലുടനീളം ലഹരിവില്‍പ്പന ശൃംഖല സൃഷ്ടിച്ചത്. ഹാര്‍വിച്ച് തുറമുഖത്താണ് പതിവായി ഡെബോറയ്ക്കുള്ള കൊക്കെയ്ന്‍ എത്തിയിരുന്നത്. വാടകയ്ക്കെടുത്ത കാറില്‍ നേരിട്ട് തുറമുഖത്തിന് സമീപമെത്തി ഏജന്‍റില്‍ നിന്ന് പായ്ക്കറ്റ് വാങ്ങി തിരിച്ചുപോകും. 2023 ഏപ്രില്‍ 20 മുതല്‍ ഇത്തരത്തിലുള്ള അനേകം ട്രിപ്പുകള്‍ ഡെബോറ നടത്തിയതിന് പ്രോസിക്യൂഷന്‍ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കി.
ഡെബോറയുടെ സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്ന്‍
ഡെബോറയും കുടുംബാംഗങ്ങളും മറ്റ് സ്ഥലങ്ങളില്‍ ലഹരി പായ്ക്കറ്റുകള്‍ എത്തിക്കുന്ന ദൃശ്യങ്ങളും ഇടനിലക്കാര്‍, ഇടപാടുകാര്‍ തുടങ്ങിയവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും മെസേജുകളും മറ്റും മെട്രൊപൊളിറ്റന്‍ പൊലീസ് ശേഖരിച്ചു. ഇത്തരത്തില്‍ അതിവിപുലമായ നിരീക്ഷണവും ശാസ്ത്രീയ തെളിവുശേഖരണവും നടത്തിയാണ് ലഹരി സംഘത്തെ പിടികൂടിയത്. അയച്ച് മെസേജുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുന്നതില്‍ സംഘം അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇതെല്ലാം പിന്നീട് തെളിവായി മാറി.
അന്വേഷണത്തിനൊടുവില്‍ 2024 മേയില്‍ ഒരാളൊഴികെ സംഘത്തിലെ എല്ലാവരും പിടിയിലായി. അനിറ്റ സ്ളോട്ടര്‍ എന്ന പ്രതിയെ പിടികൂടാന്‍ 2024 നവംബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. പ്രതികളെ അറസ്റ്റ് ചെയ്ത സമയത്ത് വീട്ടില്‍ നിന്ന് വലിയ അളവില്‍ കൊക്കെയ്നും 15000 പൗണ്ടും (17.33 ലക്ഷം രൂപ) കണ്ടെത്തിയിരുന്നു. വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ 11 ആഴ്ചയാണ് വിചാരണ നടന്നത്. ഡെബോറ മേസണും കുടുംബവും വാങ്ങിയ കൊക്കെയ്ന്‍റെ വില മാത്രം 405 കോടി രൂപയോളം വരും. ഇതിന്‍റെ ചില്ലറ വില്‍പന വഴി അവര്‍ 925 കോടി രൂപ വരെയാണ് നേടിയത്.
ഡെബോറയുടെയും കുടുംബത്തിന്‍റെയും ആഡംബര ജീവിതത്തിന്‍റെ അമ്പരപ്പിക്കുന്ന വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ആഡംബര കാറുകള്‍ വാടകയ്ക്കെടുത്തായിരുന്നു സഞ്ചാരം. എവിടെ പോയാലും താമസം ഏറ്റവും വലിയ ആഡംബര ഹോട്ടലുകളില്‍. വളര്‍ത്തുനായയ്ക്ക് 400 പൗണ്ട് (47000 രൂപ) വിലയുള്ള ഗുച്ചി കോളര്‍, പൂന്തോട്ടത്തില്‍പ്പോലും ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വസ്തുക്കള്‍, ദശലക്ഷങ്ങളും ഹോളിഡേ പാക്കേജുകള്‍ അങ്ങനെ നീളുന്നു പട്ടിക. പിടിയിലായ ആരും കുറ്റം നിഷേധിച്ചില്ല എന്നതാണ് മറ്റൊരു കൗതുകം. ഏതായാലും ഗാങ്സ്റ്റര്‍ മുത്തശ്ശിക്കും ഗാങ്ങിനും ഇനി പത്തിരുപത് വര്‍ഷം ജയിലില്‍ ആഡംബരമായി കഴിയാം.