ദിനോസറുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ച് സമയം കളയാതെ വേഗം ലണ്ടനിലേക്ക് ഒരു ടിക്കറ്റ് എടുത്തോളു. ചോദ്യത്തിനുള്ള ഉത്തരമൊക്കെ അവിടെ ചെന്നിട്ട് കണ്ടുപിടിക്കാം. ഡൈനോസറുകളുടെ ലോകത്തെ കഥപറഞ്ഞ ജുറാസിക്ക് വേള്‍ഡ് എന്ന സിനിമ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് 90 സ് കിഡ്സ്. സിനിമയിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള ഡൈനോസറുകളുടെ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലണ്ടനിലെ 'PREHISTORIC PLANET: DISCOVERING DINOSAURS' എക്സിബിഷനിലൂടെ.
എക്സിബിഷന്‍ ഹാളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ജുറാസിക്ക് വേള്‍ഡ് സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് നമ്മളും എത്തിപ്പെടും. ഭീമാകാരന്മാരായ ഡൈനോസറിന്‍റെ തൊട്ടടുത്ത് നിന്ന് അതിന്‍റെ വലുപ്പവും ഭീകരതയും മനസ്സിലാക്കാവുന്ന സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി സിസ്റ്റം ഉപയോഗിച്ചുള്ള ഈ പ്രദര്‍ശനം ഡൈനോസറിന്‍റെ ലോകത്തേക്ക് കാണികളെ എത്തിക്കുന്നു. വളരെ മികച്ച ഗ്രാഫിക്സും 3D ആനിമേഷനും സൗണ്ട് സിസ്റ്റങ്ങളും യഥാര്‍ത്ഥ ഡൈനോസറിന് തൊട്ടടുത്തു നില്‍ക്കുന്ന അനുഭവം നല്‍കി കാണികളെ സമ്മര്‍ദ്ദത്തിലാക്കുമെന്നതില്‍ സംശയമില്ല.
'UNIVERSAL PICTURES ന്‍റെ JURASSIC WORLD; REBIRTH' ട്രെയിലറും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡൈനോസറുകളുടെ ചലനങ്ങള്‍ പുനര്‍സൃഷ്ടിച്ച ഈ ട്രെയിലറിന് ആഗോള തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാലം മറികടന്ന്...ആവേശത്തിന്‍റെയും വിഞ്ജാനത്തിന്‍റെയും ഒരു പുതിയ ലോകം തീര്‍ത്ത ലണ്ടനിലെ ഡൈനോസര്‍ എക്സിബിഷന്‍ 2025 നവംബര്‍ 2 വരെ നീണ്ടു നില്‍ക്കും.