ഫയല്‍ ചിത്രം.
പാക്കിസ്ഥാനെ ഞെട്ടിച്ച് 17 സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വിമത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ഓപ്പറേഷൻ ബാം' എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ പഞ്ച്ഗുർ, സുരബ്, കെച്ച്, ഖരാൻ എന്നിവിടങ്ങളിൽ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ബിഎല്‍എഫ് അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും സൈനിക ചെക്ക്പോസ്റ്റുകള്‍ക്കും, ഓഫീസ് കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകൾ പറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
'ബലൂച് ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ പ്രഭാതം' എന്നാണ് ആക്രമണത്തെ ബിഎല്‍എഫ് വക്താവ് ഗ്വാഹ്‌റാം ബലോച്ച് വിശേഷിപ്പിച്ചത്. മക്രാൻ തീരം മുതൽ കോ-ഇ-സുലെമാൻ പർവതങ്ങൾ വരെ നീണ്ടു നിന്നതായി ഗ്വാഹ്റാം അവകാശപ്പെട്ടു. സുരക്ഷാ സേനയ്ക്ക് ആള്‍ബലത്തിലും വസ്തുവകയിലും നഷ്ടം വരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ആക്രമണങ്ങളാണ് ഇവയെന്നും ബിഎല്‍എഫ് വ്യക്തമാക്കി. വിഭവ ചൂഷണം, രാഷ്ട്രീയ അവഗണന, സൈനിക സാന്നിധ്യം എന്നിവയാണ് ബലൂചുകള്‍ പ്രധാനമായും മുന്നോട്ടു വെയ്ക്കുന്ന പ്രശ്നങ്ങള്‍.
ബുധനാഴ്ച രാവിലെ മുതൽ മേഖലയില്‍ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കെച്ച്, പഞ്ച്ഗുർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ആശയവിനിമയ സേവനങ്ങൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. ആളപായമുണ്ടായതായി നിലവില്‍ വിവരമില്ല. ഓപ്പറേഷന്‍റെ നേട്ടങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധിച്ച് പുറത്തുവിടുമെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് അറിയിച്ചു.
ബലൂചിസ്ഥാനിലെ വിമത വിഭാഗം നടത്തുന്ന ആക്രമണങ്ങള്‍ ഈയിടെ വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ക്വറ്റയിൽനിന്നു പെഷാവറിലേക്കു പോയ ജാഫർ എക്സ്പ്രസ് പിടിച്ചെടുത്തു യാത്രക്കാരെ ബിഎൽഎ ബന്ദികളാക്കിയിരുന്നു. പിന്നീട് ബിഎല്‍എ പ്രവര്‍ത്തകരെ വധിച്ചാണ് പാക്ക് സൈന്യം ഇവരെ മോചിപ്പിച്ചത്. . ചൊവ്വാഴ്ചയാണു പാക്ക് സേനാംഗങ്ങൾക്കു നേരെ ബിഎൽഎയുടെ ആക്രമണമുണ്ടായത്. ഏപ്രിലില്‍ സൈനിക വാഹനം തകര്‍ത്തുള്ള ബിഎല്‍എ ആക്രമണത്തില്‍ പത്ത് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തും ബിഎല്‍എ പാക്കിസ്ഥാന്‍ സൈന്യത്തിന് നേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു.