President Donald Trump throws pens used to sign executive orders to the crowd during an indoor Presidential Inauguration parade event in Washington, Monday, Jan. 20, 2025. AP/PTI(AP01_21_2025_000048B)
യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ വധഭീഷണിയുമായി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ ജവാദ് ലാറിജാനി. ഫ്ലോറിഡയിലെ മർ-എ-ലാഗോ എസ്റ്റേറ്റിൽ വച്ച് വിശ്രമിക്കുന്നതിനിടെ ട്രംപ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ജവാദിന്‍റെ മുന്നറിയിപ്പ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവാണ് ജവാദ് ലാറിജാനി. ഫ്ലോറിഡയിലെ ട്രംപിന്‍റെ സ്വകാര്യ വസതിയും ഗോൾഫ് റിസോർട്ടുമാണ് മർ-എ-ലാഗോ.
ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ലാറിജാനിയുടെ പ്രസ്താവന. 'ട്രംപ് ചെയ്ത ചില കാര്യങ്ങൾ കാരണം, അദ്ദേഹത്തിന് ഇനി മർ-എ-ലാഗോയിൽ വെയിൽ കായൻ കഴിയില്ല. അദ്ദേഹം വയറു കാട്ടി വെയിലത്ത് കിടക്കുമ്പോൾ, ഒരു ചെറിയ ഡ്രോൺ അദ്ദേഹത്തിന്റെ പൊക്കിളിൽ വന്നിടിച്ചേക്കാം. അത് വളരെ ലളിതമാണ്' എന്നാണ് ജവാദ് പറയുന്നതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോര്‍ട്ട് ചെയ്തു.
ഈയിടെയാണ് ട്രംപിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. പരമോന്നത നേതാവ് അലി ഖമേനിയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്ക് എതിരെയുള്ള പ്രതികാരം നടത്തുന്നതിനുള്ള പാരിതോഷികം എന്നാണ് അഹ്ദേ ഖൂൻ എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്ഫോമില്‍ പറയുന്നത്.
ജൂലൈ ഏഴിന് വൈകിട്ടോടെ 20 മില്യൺ ഡോളറിലധികം സമാഹരിച്ചതായാണ് സൈറ്റ് അവകാശപ്പെട്ടുന്നത്. 100 മില്യൺ ഡോളർ സമാഹരിക്കുക എന്നതാണ് ഇതിന്‍റെ പ്രഖ്യാപിത ലക്ഷ്യം.
2020-ൽ ഇറാഖിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ അനുമതി നൽകിയതു മുതൽ ട്രംപിന് ആവർത്തിച്ചുള്ള വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഖമനയിക്കെതിരായ ഭീഷണികളെ അപലപിച്ച് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമിനെതിരെ എതിരെ ഷിയാ പുരോഹിതന്‍ ആയത്തൊള്ള നാസര്‍ മകാരെം ഷിറാസി ഫത്‍വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്‍റെ ശത്രുക്കള്‍ എന്നാണ് ഇതില്‍ ട്രംപിനെ വിശേഷിപ്പിച്ചത്.
ജൂണ്‍ 21-22 പുലര്‍ച്ചെ ഇറാനിലെ ഫൊര്‍ദോ, നാതന്‍സ്, ഇസ്ഫാന്‍ ആണവ നിലയങ്ങള്‍ക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഫൊര്‍ദോയിലെ ആണവ കേന്ദ്രത്തിന് നേര്‍ക്ക് 30,000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് വ്യോമസേനയുടെ ബി-2 സ്റ്റീല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. യുഎസിന്‍റെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നടത്തിയ ആക്രമണങ്ങള്‍ ആണവ പദ്ധതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും മാസങ്ങള്‍ വൈകിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.