Image Credit: Reuters (File Photo)

പാക്കിസ്ഥാന് പിന്നാലെ ട്രംപിനെ സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും. വൈറ്റ് ഹൗസില്‍ നടന്ന അത്താഴത്തിന് പിന്നാലെ നാമനിര്‍ദേശം ചെയ്ത കത്തിന്‍റെ പകര്‍പ്പും നെതന്യാഹു കൈമാറി. ഒന്നിന് പിന്നാലെ ഒന്നായി ലോകത്തെങ്ങും സമാധാനമുണ്ടാക്കുന്നതിനായി ട്രംപ് പരിശ്രമിക്കുകയും അതില്‍ വിജയം കണ്ടെത്തുകയുമാണെന്ന് നെതന്യാഹു പ്രശംസിച്ചു. നൊബേലിന് താങ്കള്‍ അര്‍ഹനാണെന്നും സമാധാന നൊബേല്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തെന്നും നെതന്യാഹു ട്രംപിനോട് വെളിപ്പെടുത്തി. സന്തുഷ്ടനായ ട്രംപാവട്ടെ, താന്‍ ഞെട്ടിപ്പോയെന്നും, നെതന്യാഹുവിനെ പോലെ ഒരാള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുന്നത് അര്‍ഥവത്താണെന്നും നന്ദിയെന്നും പ്രതികരിച്ചു. 

ജൂതന്‍മാര്‍ക്കിടയില്‍ ട്രംപിന്‍റെ പ്രതിച്ഛായ വളരെ വലുതാണ്. എന്തുകൊണ്ടും സമാധാന നൊബേലിന് അര്‍ഹന്‍

ഇസ്രയേലികള്‍ക്കിടയില്‍ ട്രംപിന്‍റെ പ്രതിച്ഛായ വളരെ വലുതാണെന്നും പ്രത്യേകിച്ചും ജൂതന്‍മാര്‍ ഏറെ ആദരവോടെയാണ് കാണുന്നതെന്നും ഇസ്രയേലിന് പുറത്തും ട്രംപിന്‍റെ വ്യക്തിപ്രഭാവം സമാനതകളില്ലാത്തതാണെന്നും നെതന്യാഹു പ്രശംസിച്ചു. നെതന്യാഹുവിനും ഭാര്യ സാറയ്ക്കും ആതിഥ്യമരുളാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരുവരും ദീര്‍ഘകാലമായി തന്‍റെ സുഹൃത്തുക്കളാണെന്നും ട്രംപ് പ്രതികരിച്ചു. ബിബിയുമൊത്തുള്ള സഖ്യം ഇതുവരെയും വന്‍ വിജയമായിരുന്നു, തുടര്‍ന്നും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

President Donald Trump, left, meets with Israel's Prime Minister Benjamin Netanyahu, right, as CIA Director John Ratcliffe, from second left, U.S. Ambassador to Israel Mike Huckabee, and from second right, Netanyahu's wife Sara Netanyahu, Israel's Strategic Affairs Minister Ron Dermer, Israel's National Security Council head Tzachi Hanegbi, obstructed, and Israel's Cabinet Secretary Yossi Fuchs listen in the Blue Room of the White House, Monday, July 7, 2025, in Washington. (AP Photo/Alex Brandon)

അതിനിടെ, ഇന്ത്യ– പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനെന്ന അവകാശവാദം യുഎസ് പ്രസിഡന്‍റ് വീണ്ടും ആവര്‍ത്തിച്ചു. താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളില്‍ ഏറ്റവും വലിയത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാണ്. വ്യാപാരബന്ധം ഉയര്‍ത്തിക്കാട്ടിയാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചത്. യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് ഇരുരാജ്യങ്ങളും അയഞ്ഞതെന്നും വെടിനിര്‍ത്തലിലേക്ക് എത്തിയതെന്നുമാണ് ട്രംപിന്‍റെ വാദം. 

നാലോ അഞ്ചോ നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്നും എന്നാല്‍ ലിബറല്‍സിനു മാത്രമെ നൊബേല്‍ പുരസ്കാരം ലഭിക്കൂവെന്നും തനിക്ക് നല്‍കില്ലെന്നും ട്രംപ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇന്ത്യ– പാക് സംഘര്‍ഷം, ഇസ്രയേല്‍–ഗാസ വെടിനിര്‍ത്തല്‍, ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷം,  കോംഗോയും റവാണ്ടയും തമ്മിലുള്ള സംഘര്‍ഷം ഇതെല്ലാം അവസാനിപ്പിച്ചത് താനാണ്. എന്നിട്ടും അവഗണിക്കുകയാണെന്നും ട്രംപ് പരിഭവം  പ്രകടിപ്പിച്ചു.

ഇന്ത്യയുമായുണ്ടായ സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് പോകേണ്ടതായിരുന്നുവെന്നും യുഎസ് പ്രസിഡന്‍റിന്‍റെ സമയോചിത ഇടപെടലാണ് വലിയ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ചതെന്ന് പാക്ക് പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായ റാണ സനാവുള്ളയും നേരത്തെ പ്രതികരിച്ചിരുന്നു. പാക് കരസേന മേധാവിയുമായുള്ള ട്രംപിന്‍റെ വിരുന്നിന് പിന്നാലെയാണ് നൊബേല്‍ ശുപാര്‍ശ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇതിന് പിന്നാലെ അമേരിക്ക ഇറാനെ ആക്രമിച്ചതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലുമായിരുന്നു.

ENGLISH SUMMARY:

Israeli PM Benjamin Netanyahu formally nominated Donald Trump for the Nobel Peace Prize, handing over the letter after a White House dinner. Netanyahu lauded Trump's "unprecedented" efforts in fostering global peace, claiming the former US President is highly revered, especially among Israelis and Jews