Ai Generated Image
തന്‍റെ പൂച്ചയെ പരിപാലിക്കാന്‍ തയാറാകുന്നയാള്‍ക്ക് മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന വാഗ്ദാനവുമായി 82കാരന്‍. തന്‍റെ പേരിലുളള അപ്പാര്‍ട്മെന്‍റുകളും വാഹനങ്ങളും ബാങ്ക് ബാലന്‍സുമടക്കം സര്‍വ്വസ്വത്തും പൂച്ചയെ നോക്കുന്നയാള്‍ക്ക് എഴുതിനല്‍കുമെന്നാണ് ചൈനയില്‍ നിന്നുളള 82കാരന്‍റെ പ്രഖ്യാപനം. വാര്‍ത്ത വൈറലായതോടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് നിരവധിയാളുകളാണ് വയോധികന്‍റെ പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്.
തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ താമസിക്കുന്ന ലോങ് എന്ന് വിളിപ്പേരുള്ള 82-കാരനാണ് ആരെയും ആകര്‍ഷിക്കുന്ന ഓഫര്‍ മുന്നോട്ടുവച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാര്യയെ നഷ്ടപ്പെട്ട ലോങിന് ആകെയുളളത് സിയാങ്ബ എന്ന് പേരുളള ഒരു വളര്‍ത്തുപൂച്ച മാത്രമാണ്. ഒരിക്കല്‍ നല്ല മഴയുളെളാരു ദിവസം വഴിയരുകില്‍ നിന്ന് ലോങിന് കിട്ടിയതാണ് സിയാങ്ബ അടക്കം കുറച്ച് പൂച്ചക്കുഞ്ഞുങ്ങളെ. മറ്റ് പൂച്ചകളെല്ലാം പില്‍ക്കാലത്ത് മരിച്ചുപോയി. ശേഷിച്ചത് സിയാങ്ബ മാത്രം. തനിക്കിപ്പോള്‍ 82 വയസായെന്നും മക്കളാരും ഇല്ലാത്തതിനാല്‍ തന്‍റെ കാലശേഷം സിയാങ്ബയെ പരിപാലിക്കുന്നവര്‍ക്ക് സ്വത്തെല്ലാം നല്‍കുമെന്നുമാണ് ലോങിന്‍റെ പ്രഖ്യാപനം.
സ്വത്തെല്ലാം നല്‍കുമ്പോള്‍ ഒരു വ്യവസ്ഥ മാത്രമേ ലോങ് മുന്നോട്ടുവയ്ക്കുന്നുളളു. തന്‍റെ സിയാങ്ബയെ പൊന്നുപോലെ നോക്കണം. അതിന് വിശ്വസ്തനായ ഒരാളെ തന്നെ തനിക്ക് വേണം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ ആവശ്യം ലോങ് തുറന്നു പറഞ്ഞത്. ഇതോടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പൂച്ചയെ പരിപാലിക്കാന്‍ തയാറാണെന്ന് പറഞ്ഞ് പലരും എത്തിത്തുടങ്ങി. നിലവില്‍ ആരെയും കണ്ടെത്താന്‍ ലോങിന് കഴിഞ്ഞിട്ടില്ല. മരണശേഷം സിയാങ്ബയ്ക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരമൊരു വാഗ്ദാനത്തിന് പ്രേരിപ്പിച്ചത്. സ്വത്തെല്ലാം സിയാങ്ബയെ പരിചരിക്കുന്നയാള്‍ക്ക് നല്‍കുമെന്ന് പറഞ്ഞെങ്കിലും ലോങിന്‍റെ മരണശേഷം മാത്രമേ അത് പൂര്‍ണമായും തിരഞ്ഞെടുത്ത വ്യക്തിക്ക് ലഭിക്കുകയുളളു.