പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അതിർത്തി കടന്നുള്ള ഭീകരനീക്കം, ഭീകരവാദ ധനസഹായം, ഭീകര താവളങ്ങൾ ഒരുക്കൽ എന്നിവയടക്കം എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും ചെറുക്കുമെന്നും ബ്രസീലിൽ തുടങ്ങിയ പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ അതിന് വില നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ ശക്തമായ മുന്നറിയിപ്പ് നൽകി. ‘മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഭീകരവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ നേരിട്ടത്ത് മനുഷ്യത്വരഹിതമായ ഭീകരാക്രമണത്തെയാണ്. ഇത് മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമായിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകിയാൽ, അതിനുള്ള വില നൽകേണ്ടിവരും. ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ സ്കെയിലിൽ തൂക്കിനോക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘ഭീകരതയ്ക്കു നിശബ്ദ സമ്മതം നൽകുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്ത്വമായിരിക്കണമെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു.
ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളെയും ബ്രിക്സ് അപലപിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെയും ഉച്ചകോടിയില്‍ അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് ഉച്ചകോടി ആരോപിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ഉച്ചകോടിയില്‍ റഷ്യയും ചൈനയും അറിയിച്ചു.