Image Credit: instagram.com/rameez
ജൂലൈ അഞ്ചിന് മഹാദുരന്തമുണ്ടാകുമെന്ന് ഭയന്നത് പോലെയൊന്നും ഇതുവരെയും ഉണ്ടായില്ലെന്ന് ജപ്പാനില്‍ നിന്നുള്ള മലയാളി റമീസ്. രാവിലെ താന്‍ ജോലിക്ക് പോകുകയാണെന്നും ആളുകള്‍ സുഖമായി കിടന്നുറങ്ങുകയാണ് ആര്‍ക്കും ആധി വേണ്ടെന്നും റമീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയിയോല്‍ പറയുന്നു. ' ദാ ജപ്പാന്‍, ഒന്നും സംഭവിച്ചിട്ടില്ല. കുറേ ആളുകള്‍ മെസേജയച്ചു. ഞാന്‍ ജീവനോടെയുണ്ട്. ഉറങ്ങിപ്പോയത് കൊണ്ടാണ് വിവരമറിയിക്കാന്‍ വൈകിയതെന്നും ജപ്പാന്‍ സേഫാണെന്നും യുവാവ് വ്യക്തമാക്കുന്നു.
കോമിക് ഇല്ലുസ്ട്രേറ്ററായ റിയോ തത്സുകിയുടെ 'ദ് ഫ്യൂച്ചര്‍ ഐ സോ' എന്ന പുസ്തകത്തില്‍ പറഞ്ഞതിരുന്നത് കണ്ടാണ് ആളുകള്‍ ഭയന്നത്. കൂറ്റന്‍ സൂനാമി ജപ്പാനില്‍ ആഞ്ഞടിക്കുമെന്നും ഇതുവരെ ഉണ്ടായതിലേറ്റവും തീവ്രമായിരിക്കുമെന്നുമായിരുന്നു ജാപ്പനീസ് വാന്‍ഗ എന്നുകൂടി അറിയപ്പെടുന്ന റിയോയുടെ പ്രവചനം. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറുമെന്നും മാനംമുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കുമെന്നുമായിരുന്നു പ്രവചനത്തില്‍ വിശദമായി പറഞ്ഞിരുന്നത്.
2011 ലെഭൂകമ്പം 1999ലേ പ്രവചിച്ചതാണ് റിയോയെ ശ്രദ്ധേയയാക്കിയത്. പ്രവചനം സത്യാമാകുമോ എന്ന് ആശങ്ക പരത്തുമാറ് 900ത്തിലേറെ ഭൂചലനങ്ങളും കഗോഷിമ ദ്വീപുകളിലുണ്ടായി. ഇതോടെ ജപ്പാന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത പ്രഹരമേറ്റു. ആളുകള്‍ കൂട്ടത്തോടെ വിമാനയാത്ര ഉപേക്ഷിച്ചു. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഏകദേശം 390 കോടി ഡോളര്‍ നഷ്ടം ഇതില്‍ നിന്ന് മാത്രം ജപ്പാനുണ്ടായെന്നാണ് കണക്കുകള്‍.
എന്നാല്‍ അഭ്യൂഹങ്ങളില്‍ ഇത്രയധികം ആശങ്കപ്പെടരുതെന്നും നിലവില്‍ സൂനാമി മുന്നറിയിപ്പുകള്‍ നല്‍കേണ്ട സാഹചര്യം എവിടെയും ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിഭ്രാന്തരാകരുതെന്നും ജനങ്ങള്‍ക്കുള്ള സന്ദേശത്തില്‍ അധികൃതര്‍ വിശദീകരിച്ചിരുന്നു. എന്തായാലും ആശങ്കയൊഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ജപ്പാനും ലോകവും.