LGBTQ+ സമൂഹത്തിന്‍റെ ആഘോഷമാസമാണ് ജൂണ്‍. പ്രൈഡ് മന്ത് എന്നറിയപ്പെടുന്ന ജൂണില്‍ ലോകമാകമാനമുള്ള നഗരങ്ങളില്‍ LGBTQ+ സമൂഹത്തില്‍ പെട്ടവര്‍ പരേഡുകളും മാര്‍ച്ചുകളും സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ലോകത്തിലേറ്റവും വലിയ പഞ്ചവര്‍ണക്കൊടിയേന്തിയ പരേഡുകളിലൊന്ന് അരങ്ങേറുന്ന സ്ഥലമാണ് ലണ്ടന്‍. ലക്ഷക്കണക്കിന് ആളുകളാണ് പ്രൈഡ് മന്തിന് അവസാനം ജൂലൈ ആദ്യവാരം സംഘടിപ്പിക്കുന്ന ലണ്ടനിലേ പരേഡിലും അതിന് സമാന്തരമായ പരിപാടികളിലും പങ്കെടുക്കാനായി എത്തിച്ചേരാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം മുതല്‍ പരേഡിന്‍റെയും പരിപാടികളുടെയും ഭാവിയെക്കുറിച്ച് ആശങ്കയിലാണ് സംഘാടകര്‍.
85ഓളം സംഘാടകര്‍ ഒത്തുചേര്‍ന്നാണ് പ്രൈഡ് മാര്‍ച്ച് സംഘടിപ്പിക്കാറ്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിപാടിയുമായി വന്‍കിട കമ്പനികളും കോര്‍പ്പറേറ്റുകളും സഹകരിക്കുന്നില്ലെന്നാണ് പരാതി. പരിപാടികള്‍ നടത്തുന്നതിനായി വൊളണ്ടിയര്‍മാരും സന്നദ്ധരായി വരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച നിരവധി പരിപാടികള്‍ ഈ വര്‍ഷം സംഘടിപ്പിക്കാനായിട്ടില്ല. ഇത് കൂടാതെ മുന്‍പ് സൗജന്യമായി സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ ടിക്കറ്റ് ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
1970കളിലാണ് യു.കെയിലെ പ്രൈഡ് വിപ്ലവത്തിന് തുടക്കമാകുന്നത്. LGBTQ+ സമൂഹത്തില്‍ പെട്ട ആളുകളുടെ ഉന്നമനത്തിനായാണ് ഇത്തരമൊരു പദ്ധതി ഗേ ലിബറേഷന്‍ ഫ്രണ്ടെന്ന സംഘടന ആരംഭിച്ചത്. സ്വവര്‍ഗാനുരാഗികള്‍ വിവാഹം കഴിച്ചാല്‍ അറസ്റ്റ് വരെ ചെയ്യപ്പെട്ടേക്കാവുന്ന കാലഘട്ടമായിരുന്നു അത്.
ലണ്ടനിലെ പ്രൈഡ് മാര്‍ച്ചുകള്‍ തുടക്കം കുറിച്ചത് രാജ്യാന്തര തലത്തിലെ LGBTQ സമൂഹത്തിന്‍റെ വിപ്ലവമായിരുന്നു. LGBTQ+ കമ്മ്യൂണിറ്റിയില്‍ പെട്ടവരെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ പരേഡ് എന്നതിലുപരി പ്രതിഷേധമാര്‍ച്ചുകളായാണ് ഇത് പ്രചരിച്ചത്. എന്നാല്‍ സ്വതന്ത്രചിന്താഗതിക്കെതിരായ ആഗോള പ്രചരണങ്ങള്‍ പ്രൈഡ് കാംപെയിനുകള്‍ക്കെതിരെയും LGBTQ+ സമൂഹത്തിനെതിരെയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. ഇത്തരത്തില്‍ പൊതുജനത്തില്‍ LGBTQ+ വിഭാഗത്തിനെതിരെ ചിന്താഗതി ഉയര്‍ത്തുന്നത് ആളുകള്‍ വിഭാഗത്തിനെതിരെ ചിന്തിക്കുന്നതിനും കോര്‍പ്പറേറ്റുകള്‍ സംഭാവനകള്‍ കൈമാറുന്നതിനും പ്രശ്നമാകുന്നുണ്ടെന്നാണ് നിഗമനം.
എന്നാല്‍ സാമ്പത്തിക ഞെരുക്കത്തിലും പ്രൈഡ് പരേഡുകളും മാര്‍ച്ചുകളും വന്‍ ജന പിന്തുണയോടെ ഉയരുക തന്നെയാണ്. മുന്‍വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനയാണ് പരേഡില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 15 ലക്ഷം ആളുകളാണ് 2024ല്‍ പരേഡില്‍ പങ്കെടുത്തത്. ഈ പരേഡിന് 1.7മില്യണ്‍ യൂറോ (17 കോടി രൂപ)യാണ് ചെലവായത്.