Image: x.com/Reuters
ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പാലം തകര്‍ന്നതിന് പിന്നാലെ പാലത്തില്‍ കാര്‍ഗോ ട്രക്ക് തൂങ്ങിക്കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിനിമകളെ വെല്ലുന്ന അപകടത്തിന്‍റെ രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് എക്സില്‍ പങ്കിട്ട വിഡിയോയാണ് വൈറലായത്. നിരവധി പേരാണ് വിഡിയോക്ക് താഴെ തങ്ങളുടെ ഞെട്ടല്‍ വ്യക്തമാക്കി കമന്‍റ് ചെയ്യുന്നത്.
ജൂൺ 24 ചൊവ്വാഴ്ച രാവിലെ ചൈനയിലെ തെക്കുപടിഞ്ഞാറൻ ഗുയിഷോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. സുനി നഗരത്തിലെ സിയാമെൻ-ചെങ്ഡു എക്സ്പ്രസ് വേയുടെ ഭാഗമായ പാലമാണ് കനത്ത മണ്ണിടിച്ചിലില്‍ തകര്‍ന്നത്. ഈ സമയം പാലത്തിലേക്ക് കയറുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്‍റെ ആഘാതത്തില്‍ ആടിയുലഞ്ഞ ട്രക്കിന്‍റെ മുന്‍ഭാഗം പാലം തകര്‍ന്നതിന് പിന്നാലെ വായുവില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.
സംഭവത്തില്‍ ട്രക്കിന്‍റെ ഡ്രൈവറുടെ പ്രതികരണങ്ങളും പുറത്ത് വരുന്നുണ്ട്. പാലം അപ്രത്യക്ഷമാകുകയായിരുന്നു എന്നാണ് ട്രക്കിന്റെ ഡ്രൈവർ യൂ ഗുവോചുൻ, ഷാങ്ഹായ് ഐയോട് പറഞ്ഞത്. ‘ട്രക്കിന്റെ മുൻഭാഗം പിന്നീട് തകർന്ന ഭാഗത്തെത്തിയപ്പോൾ, മണ്ണ് താഴുന്നതായി തോന്നി. ഞാൻ ഉടന്‍ ബ്രേക്ക് അമർത്തി, പക്ഷേ ട്രക്ക് മുന്നോട്ട് നീങ്ങി. പെട്ടെന്ന്, എന്റെ മുന്നിലുള്ള മുഴുവൻ പാലവും അപ്രത്യക്ഷമായി. ഞാൻ ഭയന്ന് മരവിച്ചുപോയി’ അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ലോറിയുടെ മേൽക്കൂരയിലേക്ക് ഏണിവച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. പരുക്കുകളൊന്നുമില്ലാതെ അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിലും നിരവധി കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. തികച്ചും ഭയാനകം' എന്നാണ് ആളുകള്‍ കുറിച്ചത്. ‘പ്രകൃതിയുടെ ശക്തി തമാശയല്ല’ എന്ന് മറ്റൊരാള്‍ കുറിച്ചപ്പോള്‍ ‘പാലം ചൈനീസ് നിര്‍മിതമാണെന്നാണ്’ മറ്റൊരാള്‍ തമാശരൂപേണ കുറിച്ചത്. വിഡിയോയിൽ അപകട സമയം പാലത്തിൽ ഒരു ട്രക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, പിന്നീട് മൂന്ന് വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.