സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഡോണള്‍ഡ് ട്രംപിന് നല്‍കണമെന്ന ശുപാര്‍ശയ്ക്കു പിന്നാലെ സമാധാനം പോയി പാക്കിസ്ഥാന്‍. ശുപാര്‍ശയ്ക്കു പിന്നാലെ നടന്ന ഇറാന്‍ ആക്രമണത്തിലൂടെ ട്രംപ് ബോംബിട്ടത് പാക്കിസ്ഥാന്‍റെ താല്‍പര്യങ്ങള്‍ക്കു മുകളില്‍ കൂടിയാണ്. എന്തായാലും അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം കടുക്കുകയാണ്. നൊബേല്‍ സമ്മാന ശുപാർശ ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷവും മറ്റ് പ്രമുഖരും ആവശ്യപ്പെടുന്നുമുണ്ട്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് (Image: AP)
പാക്ക് കരസേനാമേധാവിയുമായി ഉച്ചഭക്ഷണം. പിന്നാലെ നൊബേല്‍ സമാധാന ശുപാര്‍ശ... കാര്യങ്ങള്‍ ഇങ്ങനെ ‘ഖുശി’ ആയി വരുമ്പോഴാണ് ട്രംപ് പാക്കിസ്ഥാന്‍റെ തലയ്ക്കടിച്ചത്. ആണവായുധമുള്ള ഏക മുസ്‌ലിം രാജ്യമെന്ന നിലയില്‍ വിജൃംഭിച്ചു നില്‍കുന്ന പാക്കിസ്ഥാന് സ്വന്തം നിലപാട് രാജ്യത്തെ ജനങ്ങളെ മാത്രമല്ല, ഇറാനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെയും ബോധ്യപ്പെടുത്തേണ്ടിവരും. പാക്കിസ്ഥാനിലെ ഷിയ വിഭാഗക്കാരും സ്വന്തം രാജ്യത്തിന്‍റെ അടുത്ത നടപടി എന്തെന്ന് കാത്തിരിക്കുന്നു. ഇറാനൊപ്പം എന്നാല്‍ അമേരിക്കയെ പിണക്കാനും വയ്യ എന്ന ‘ഡിപ്ലോമാറ്റിക്’ നിലപാടിനൊപ്പം പാക്കിസ്ഥാന് എന്തു ചെയ്യാനാവും.
ഇറാനിലെ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന യുഎസ് ആക്രമണം ശരിക്കും പാക്ക് താല്‍പര്യങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതി ഇന്ന് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ട്രംപിനെ ഉച്ചഭക്ഷണത്തിനൊപ്പം കണ്ട കരസേനാ മേധാവി ജനറൽ അസിം മുനീറും യോഗത്തില്‍ പങ്കെടുക്കും. പാക്ക് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഈ യോഗം എന്തു തീരുമാനിക്കും? എന്തു പറയും. ഇറാനെതിരായ ആക്രമണത്തോടുള്ള പ്രതിഷേധം പാക്കിസ്ഥാന്‍ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു – രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനം, മേഖലയില്‍ സംഘര്‍ഷം ആളിക്കത്തിക്കാനുള്ള നടപടി എന്നുള്ള പ്രസ്താവനാ ആയുധങ്ങള്‍ പാക്കിസ്ഥാന്‍ പ്രയോഗിച്ചു. പ്രാദേശിക, സാമ്പത്തിക, ആഭ്യന്തര സുരക്ഷാ വിഷയങ്ങളിൽ ഈ സംഘർഷം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ നേരിടാന്‍ പാക്കിസ്ഥാന് പക്ഷേ ഇതിലപ്പുറം എന്തെങ്കിലുമൊക്കെ പ്രയോഗിക്കേണ്ടി വരും.
പ്രതീകാത്മക ചിത്രം.
സംഘർഷം അതിർത്തി കടന്ന് എത്താം, ഭീകരാക്രമണങ്ങള്‍ പ്രതീക്ഷിക്കാം, രാജ്യത്തെ ഗണ്യമായ ഷിയാ ന്യൂനപക്ഷത്തിനിടയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാം. എണ്ണവിലയിലെ വർധന ദുർബലമായ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകാം. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടാല്‍ വ്യാപാരത്തെയും ഊർജ്ജ സുരക്ഷയെയും ബാധിച്ചേക്കാം – പ്രശ്നങ്ങള്‍ അനവധിയാണ്.
ഇന്ത്യയുടെ പ്രതികരണവും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ഭാവിയും പാക്കിസ്ഥാൻ സൂക്ഷ്മമായി നിരീക്ഷിക്കും. യുഎൻ രക്ഷാസമിതിയിൽ യുഎസ് ആക്രമണത്തെ അപലപിക്കുന്ന പ്രമേയവുമായി ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം നിന്നത്, ഈ ശക്തികളുമായുള്ള പാക്കിസ്ഥാന്റെ അടുപ്പം വർധിക്കുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
അമേരിക്കൻ നടപടിയെ എതിർക്കുകയും ഇറാനോട് ഐക്യപ്പെടുകയും ചെയ്യുമ്പോൾത്തന്നെ, അമേരിക്കയുമായുള്ള ബന്ധം സംരക്ഷിക്കാനും നേരിട്ടുള്ള സൈനിക ഇടപെടൽ ഒഴിവാക്കാനും പാക്കിസ്ഥാൻ ശ്രമിക്കും. സംഘർഷത്തിന്റെ ആഭ്യന്തര, സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഈ അവസരം ഉപയോഗിച്ച് തങ്ങളുടെ നയതന്ത്ര പ്രാധാന്യം വർധിപ്പിക്കുന്നതിലുമാകും പാക്കിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ലഘൂകരിക്കാന്‍ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് 2026ലെ സമാധാന നൊബേലിന് ട്രംപിനെ പാക്കിസ്ഥാന്‍ നാമനിര്‍ദേശം ചെയ്തത്. ശുപാർശക്കത്ത് നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. ഈ കത്തിലെ മഷി ഉണങ്ങും മുന്‍പാണ് ഇറാനിലെ യുഎസ് ആക്രമണം. പലസ്തീൻ, സിറിയ, ലബനൻ, ഇറാൻ എന്നിവിടങ്ങളിലെ ഇസ്രയേൽ ആക്രമണങ്ങളെ പിന്തുണച്ച ട്രംപ് എങ്ങനെ സമാധാനത്തിന്റെ പ്രതീകമാകുമെന്നാണ് ഉയരുന്ന ചോദ്യം. ട്രംപ് ഇപ്പോൾ സമാധാന ദൂതനല്ല, നിയമവിരുദ്ധമായ യുദ്ധത്തിന് തുടക്കമിട്ട നേതാവാണെന്ന് മുൻ സെനറ്റർ മുഷാഹിദ് ഹുസൈൻ 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നൊബേൽ സമ്മാന നാമനിർദേശം പാക്കിസ്ഥാൻ പിൻവലിക്കുമോ എന്നായിരുന്നു എന്ന് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ ഉയര്‍ത്തിയ ചോദ്യം.