യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്
സൈനികനീക്കം ഒന്നിനും പരിഹാരമല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്. യുഎസ് നീക്കം ലോകസമാധാനത്തിന് ഭീഷണിയെന്നും മേഖലയിലെ പ്രതിസന്ധി കൈവിട്ട തലത്തിലേക്ക് എത്തിക്കുന്ന നടപടിയെന്നും അന്റോണിയോ ഗുട്ടറസ് വിലയിരുത്തി. സംഘര്‍ഷം വ്യാപിക്കുന്നത് സാധാരണക്കാരെയും ലോകത്തെയാകെയും വലിയതോതില്‍ ബാധിക്കും. നയതന്ത്രനീക്കം മാത്രമാണ് പ്രശ്ങ്ങള്‍ക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോര്‍ദോ , നതാന്‍സ് , ഇസ്ഫഹാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. പസഫിക്കിലെ ഗുവാം ഐലന്‍ഡില്‍ നിന്നായിരുന്നു യുഎസ് ആക്രമണം. ബോംബിട്ടത് B-2 വിമാനങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
ദൗത്യം വിജയമെന്നും യുഎസ് സൈന്യത്തിനുമാത്രം കഴിയുന്ന കാര്യമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. തല്‍ക്കാലം നിര്‍ത്തുന്നുവെന്നും ഇറാന്‍ സമാധാനത്തിന് തയാറാകണമെന്നും അല്ലെങ്കില്‍ വലിയ ആക്രമണമുണ്ടാകുമെന്നും ഇറാന് ട്രംപ് അന്ത്യശാസനം നല്‍കി . ഇറാനില്‍ യുഎസ് നടത്തിയ നീക്കത്തെക്കുറിച്ച് രണ്ടുമിനിറ്റ് മാത്രം നീണ്ട വിശദീകരണമാണ് ട്രംപ് നല്‍കിയത്.
ആദ്യം ശക്തി, പിന്നെ സമാധാനം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രതികരിച്ചു. സമാധാനം പിടിച്ചെടുക്കേണ്ടതാണെന്നാണ് തന്‍റെയും ട്രംപിന്‍റെയും നിലപാട്. സമാധാനത്തിനായി യുഎസ് പ്രവര്‍ത്തിച്ചെന്നും അമേരിക്ക ചരിത്രം കുറിച്ചെന്നും ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.