Image Credit: X/@Ishutyagi91
കാനഡയിലെ കല്‍ഗാരി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി തന്യ ത്യാഗി മരിച്ച നിലയില്‍. വാന്‍കൂവറിലെ കോണ്‍സുലേറ്റാണ് തന്യയുടെ മരണം സ്ഥിരീകരിച്ചത്. അപ്രതീക്ഷിത നിര്യാണത്തില്‍ ദുഃഖം അറിയിക്കുന്നുവെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കോണ്‍സുലേറ്റ് അറിയിച്ചത്. തന്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടികള്‍ക്കായി കുടുംബത്തിനാവശ്യമായ എല്ലാ സഹായവും ചെയ്തുനല്‍കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
ഡല്‍ഹി സ്വദേശിയായ തന്യയുടെ മരണകാരണം വ്യക്തമല്ല. അതേസമയം എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പില്‍ തന്യ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടുവെന്നാണ് ട്വീറ്റിലുള്ളത്.
തന്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുള്ള ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നതിന്‍റെ കാരണമെന്തെന്ന ചര്‍ച്ചകളും സജീവമാണ്. ഈ വര്‍ഷം ആദ്യം സുദിക്ഷ കൊന്‍നാകിയെന്ന 20കാരിയായ ഇന്ത്യന്‍ വംശജയെ ഡൊമിനികന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കുന്നതിനിടെ കാണാതായിരുന്നു. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സുദിക്ഷയെ മാര്‍ച്ച് ആറിനാണ് കടല്‍തീരത്ത് അവസാനമായി കണ്ടത്.