Trails of Iranian missiles launched at Israel are seen in the sky from the Nuseirat refugee camp in the besieged Gaza Strip on June 15, 2025. Israel and Iran traded heavy fire for a third straight day on June 15, with mounting casualties and expanding targets marking a sharp escalation in hostilities between the longtime foes. (Photo by Eyad BABA / AFP).
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഇരു രാജ്യങ്ങളും മൂന്നാം ദിനവും മിസൈല്‍ വര്‍ഷം തുടര്‍ന്നു. ഇസ്രയേല്‍ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഹൈഫ നഗരത്തിനു നേരെയായിരുന്നു റോക്കറ്റ് ആക്രമണം. സ്ഫോടനത്തിനു പിന്നാലെ കെട്ടിടങ്ങളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായാണ് സൂചന. ഇസ്രയേലിലെ പ്രധാന സേനാ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് താമസിക്കുന്ന ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഇറാന്‍ ജനതയോട് ഇസ്രയേലും സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്‍റെ നേര്‍ക്കുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ തലവന്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായ നാശവും സമ്മതിച്ച അദ്ദേഹം ജനങ്ങളോട് സേന നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ടെഹ്റാനു നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാനിലെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും റഡാര്‍ കേന്ദ്രങ്ങളുമായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആക്രമണത്തില്‍ നൂറുകണക്കിനുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഇസ്രയേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇറാനില്‍ കുറഞ്ഞത് 224 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. 1300ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇറാന്‍ അധികൃതര്‍ പറഞ്ഞു.