ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുകയാണ്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്‌ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം ഇറാൻ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
അതേ സമയം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ നതാൻസ് യുറേനിയം ആണവകേന്ദ്രത്തിൽ നാശനഷ്ടങ്ങളുണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. മാക്സർ ടെക്നോളജിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജനുവരി 24, ജൂൺ 14 എന്നീ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികൾക്കു നേരെയാണ് റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ ആക്രമണം തുടരുന്നത്. ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിൽ ആറുപേര്‍ മരിച്ചു.
സംഭരണം മുതൽ ഉൽപാദനം വരെ നടത്തുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. അണുബോംബ് ഉൾപ്പെടെ സൈനിക ആവശ്യങ്ങൾക്കാണ് ഇറാൻ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഊർജോൽപാദനം ഉൾപ്പെടെ സമാധാനപരമായ ആവശ്യങ്ങൾക്കാണ് അണുശക്തി പ്രയോജനപ്പെടുത്തുന്നതെന്ന് ഇറാൻ അവകാശപ്പെടുന്നു.
ഇറാനെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിൽ നിന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ പുട്ടിൻ അപലപിച്ചു.