അബദ്ധത്തില്‍ സഹപ്രവര്‍ത്തകന്‍റെ പാന്‍റും അടിവസ്ത്രവും ജോലിസ്ഥലത്ത് എല്ലാവരും കാണ്‍കെ വലിച്ചൂരിയ സ്ത്രീക്ക് പിഴ. ദക്ഷിണകൊറിയയിലാണ് കൗതുകകരമായ കേസും വിധിയും. 2.8 ദശലക്ഷം വോണ്‍ (1,75,414 ലക്ഷം ) പിഴയും ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള എട്ട് മണിക്കൂര്‍ നീണ്ട ക്ലാസിലും പങ്കെടുക്കുകയാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
ഗാങ്‌വോണ്‍ പ്രവിശ്യയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. 20വയസുകാരനായ യുവാവിന്‍റെ പാന്‍റ് 50കാരി പിന്നില്‍ നിന്ന് വലിച്ചൂരുകയായിരുന്നു. എന്നാല്‍ പാന്‍റിനൊപ്പം അടിവസ്ത്രവും അഴിഞ്ഞതോടെ യുവാവ് സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നഗ്നനായി നാണംകെട്ടു. യുവാവ് തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിക്ക് പിന്നാലെ സ്ത്രീ യുവാവിന്‍റെ വീട്ടിലെത്തി മുട്ടുകുത്തി മാപ്പപേക്ഷിച്ചെന്നും, യുവാവിന്‍റെ അച്ഛന്‍റെയും അമ്മയുടെയും കാലുപിടിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ.
സ്ത്രീക്ക് ക്രിമിനല്‍ പശ്ചാതലമില്ലാത്തതിനാല്‍ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. ആളുകളുടെ പാന്‍റ് എല്ലാവരും കാണ്‍കെ വലിച്ചിരുന്നത് ദക്ഷിണ കൊറിയയിലെ ഒരു പ്രാങ്കാണ്. വര്‍ഷങ്ങളായി ദക്ഷിണ കൊറിയന്‍ ടി.വികളില്‍ ഈ പ്രാങ്ക് സംപ്രേക്ഷണം ചെയ്തും വരുന്നുണ്ട്. 'പാന്‍സിങ്', 'ഡീബഗ്ഗിങ്' എന്നാണ് ഈ പ്രാങ്കിനെ വിളിക്കുന്നത്. അടുത്തിടെയായി ഈ പ്രാങ്ക് ലൈംഗികാതിക്രമമാണെന്നും ബുള്ളിയിങ് ആണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.
2019ല്‍ ദക്ഷിണകൊറിയന്‍ ഒളിമ്പിക് സ്പീഡ് സ്കേറ്ററായ ലിം, ഹിയോ ജുന്നിന് തന്‍റെ സഹ കായികതാരത്തിന്‍റെ ട്രൗസര്‍ സ്ത്രീ താരങ്ങള്‍ക്ക് മുന്നില്‍ നിന്ന് വലിച്ചൂരിയതിന് ഒരു വര്‍ഷം വിലക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു.