AI Image
ടെക്സസിലെ പ്രശസ്തമായ തടാകമാണ് ലേഡിബേര്‍ഡ്. അവിടെ നിന്ന് മൂന്ന് വര്‍ഷങ്ങളിലായി കണ്ടെത്തിയത് 38 മൃതദേഹങ്ങള്‍. ഇതിനിടയില്‍ ടെക്സസിലെ തന്നെ ഓസ്റ്റണില്‍ ഒരു സീരിയല്‍കില്ലര്‍ ഒളിവിലാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. 2022നും 2025നു ഇടയില്‍ കൂടുതലായും പുരുഷന്‍മാരുടെ മൃതദേഹമാണ് ഇവിടെ നിന്ന് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ അതിന് മുന്നേയും ഇതേ സ്ഥലത്തുനിന്ന് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജൂൺ 3ന് തടാകത്തിൽ 17 വയസ്സുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്നാണ് അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവരാന്‍ തുടങ്ങിയത്. തടാക പ്രദേശത്തും പരിസരത്തും നടന്ന മരണങ്ങളിലേക്കാണ് ഇത് ചെന്നെത്തുന്നതെന്ന് പൊലീസ് വൃത്തങ്ങളും പറഞ്ഞു. രാത്രി കാലങ്ങളില്‍ സജീവമായ സ്ഥലമാണ് ലേഡിബേര്‍ഡ് തടാകം സ്ഥിതിചെയ്യുന്ന ഡൗണ്‍ടൈണ്‍ ഓസ്റ്റിന്‍. പ്രധാനമായും മദ്യപാനികള്‍ ഏറെ എത്തുന്ന സ്ഥലമായ റിനെയ് സ്ട്രീറ്റ്. ഇങ്ങനെയാണ് ഈ അഭ്യൂഹങ്ങളിലുള്‍പ്പെട്ട സീരിയല്‍കില്ലര്‍ക്ക് റിനെയ് സ്ട്രീറ്റ് റിപ്പര്‍ എന്ന പേര് വന്നത്.
എന്നാല്‍ നാട്ടുകാര്‍ പറയുംപോലെ ഒരു സീരിയല്‍ കില്ലര്‍ അവിടെ ഇല്ലെന്നാണ് പൊലീസിന്റെ വാദം. ലഭിച്ച മൃതദേഹങ്ങളില്‍ ഒന്നുമാത്രമാണ് കൊലപാകത്തിന് ഇരയായത്. എന്നിരുന്നാലും കണ്ടെത്തിയ മറ്റു മൃതദേഹങ്ങളുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ അവസാനം ലഭിച്ച കുട്ടിയുടെ മൃതദേഹം കയാക്കിങ് ചെയ്യുന്നതിനിടയില്‍ തടാകത്തില്‍ വീഴുകയും ലൈഫ്ജാക്കറ്റ് ഇല്ലാത്തിനാല്‍ മുങ്ങി മരിച്ചെന്നുമാണ് അധികാരികള്‍ വ്യക്തമാക്കിയത്.
പൊലീസ് ഇതില്‍ സീരിയല്‍കില്ലറിന്റെ പങ്കില്ലെന്ന് പറയുമ്പോഴും പ്രദേശവാസികള്‍ സംഭവത്തിലെ ദുരൂഹത തള്ളിക്കളയുന്നില്ല. എന്നാല്‍ മദ്യപാനികള്‍ നിരന്തരം വരുന്ന സ്ഥലമായതിനാല്‍ തന്നെ മദ്യലഹരിയില്‍ തടാകത്തിലിറങ്ങുമ്പോള്‍ സംഭവിക്കുന്ന മുങ്ങിമരണമാണ് ഏറെയുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍