പഹല്‍ഗാമിലെപാക് ക്രൂരതയ്ക്ക് പകരമായി സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നും വെള്ളം വിട്ടുനല്‍കണമെന്നും അഭ്യര്‍ഥിച്ച് പാക്കിസ്ഥാന്‍. ഒന്നിന് പുറകെ ഒന്നായി നാലു കത്തുകളാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് അയച്ചത്. കൊടും ചൂടും വരള്‍ച്ചയും കൊണ്ട് നട്ടംതിരിയുകയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ പാക് പഞ്ചാബിലെ കൃഷി മുഴുവന്‍ താറുമാറാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാക് ജല വിഭവ സെക്രട്ടറി സയീദ് അലി മുര്‍ത്താസയാണ് കരാര്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ആലോചന പോലും വേണ്ടതുള്ളൂ എന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.
അതിര്‍ത്തി കടന്നുള്ള പാക് ഭീകരതയ്ക്ക് മറുപടിയായാണ് രണ്ട് യുദ്ധങ്ങളുണ്ടായപ്പോള്‍ പോലും മരവിപ്പിക്കാതിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഭീകരതയും വ്യാപാരവും ഒന്നിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നുമാണ് ഇന്ത്യ നിലപാടെടുത്തത്. അതിര്‍ത്തിയില്‍ സമാധാനം പുലര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ അതിന് നിരന്തരം തുരങ്കം വയ്ക്കുന്ന നടപടികളാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.
കൃഷിക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ പട്ടിണി കിടന്ന് ചാകുമെന്നും സിന്ധു തടമാണ് പാക്കിസ്ഥാന്‍റെ ജീവനാഡിയെന്നും മറ്റെല്ലാം മാറ്റിവച്ച് പ്രശ്നം പരിഹരിക്കണമെന്നും പാക് സെനറ്ററായ സയീദ് അലി സഫര്‍ മേയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നാലില്‍ മൂന്ന് ഭാഗം വെള്ളവും ഇന്ത്യയില്‍ നിന്നാണ് വരുന്നത്. പത്തില്‍ ഒന്‍പത് പാക്കിസ്ഥാനികളും സിന്ധുജലത്തെ ഏതെങ്കിലുമൊരുതരത്തില്‍ ഉപയോഗിക്കുന്നവരാണെന്നും 90 ശതമാനം കൃഷിയും ജലവൈദ്യുത പദ്ധതികളുമെല്ലാം സിന്ധു നദിയിലെ വെള്ളത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
FILE PHOTO: River Indus flows through Leh, in the Ladakh region, September 14, 2020. REUTERS/Danish Siddiqui/File Photo
പാക് സര്‍ക്കാര്‍ ഏറ്റവും ഒടുവിലായി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് സിന്ധു നദിയില്‍ നിന്നും എത്തുന്ന വെള്ളത്തിന്‍റെ അളവ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അവിടെ എത്താന്‍ ഒരുമാസത്തോളം സമയം ഇനിയും എടുക്കുമെന്നതിനാല്‍ തന്നെ വരള്‍ച്ചയും ചൂടും അതികഠിനമാകും.
1960 ലാണ് സിന്ധു നദീജല കരാര്‍ നിലവില്‍ വന്നത്. സിന്ധു, ഝലം, ചിനാബ്, ബിയാസ്, സത്ലജ് നദികളിലെ ജലം ഇന്ത്യയും പാക്കിസ്ഥാനുമായി പങ്കിട്ടെടുക്കുന്നത് സംബന്ധിച്ചായിരുന്നു കരാര്‍. കരാര്‍ അനുസരിച്ച് സിന്ധുനദിയിലെ 20 ശതമാനം മാത്രം വെള്ളം ഇന്ത്യയും ബാക്കി 80 ശതമാനവും പാക്കിസ്ഥാനുമാണ് ഉപയോഗിച്ചുവന്നിരുന്നത്. കരാര്‍ റദ്ദാക്കിയതോടെ മൂന്ന് നദികളിലെയും ജലനിരപ്പും മറ്റും സംബന്ധിച്ച വിവരങ്ങള്‍ പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നതും ഇന്ത്യ നിര്‍ത്തിവച്ചു. ഇതോടെയാണ് പഞ്ചാബിലും സിന്ധിലും പ്രതിസന്ധി രൂക്ഷമായത്.