Picture Credits: The Marine Mammal Center

TOPICS COVERED

അടുത്തടുത്ത ദിവസങ്ങളിലായി കടല്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നത് ആശങ്കയുളവാക്കുന്നു. ഒരാഴ്ചയ്ക്കകം ആറ് തിമിംഗലങ്ങളാണ് സാന്‍ ഫ്രാന്‍സിസ്കോയില്‍ ചത്തുപൊങ്ങിയത്. ഇതോടെ എന്താണ് കാരണമെന്ന് വിശദമായ പഠനം നടത്തുകയാണ് ശാസ്ത്രഞ്ജര്‍. മേയ് 21 മുതല്‍ മേയ് 26 വരെയുള്ള ദിവസങ്ങളിലായാണ് ആറ് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞത്. ഈ വര്‍ഷം ഇതുവരെ 14 തിമിംഗലങ്ങള്‍ തീരത്ത് ചത്തുപൊങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസ് ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

തിമിംഗലങ്ങളില്‍ ചിലതിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തി. ചില തിമിംഗലങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനാവാത്തവിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. അതുകൊണ്ടു തന്നെ എന്താണ് മരണകാരണമെന്ന് കണ്ടെത്തുക ദുഷ്കരമാണെന്ന് ശാസ്ത്രഞ്ജര്‍ വ്യക്തമാക്കി. കപ്പലുകളുടെയോ മറ്റോ ഭാഗങ്ങളില്‍ തട്ടിയുള്ള ഗുരുതര പരുക്കുകള്‍ ചില തിമിംഗലങ്ങളുടെ ശരീരത്തില്‍ കണ്ടതായി പഠനത്തില്‍ പറയുന്നു. 

ഇത്രയധികം തിമിംഗലങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ ചത്തുപൊങ്ങിയത് ഗൗരവമേറിയ വിഷയമാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല സാന്‍ ഫ്രാന്‍സിസ്കോ തീരത്തിനു സമീപം 33 ഓളം തിമിംഗലങ്ങളെ കണ്ടെത്തിയിട്ടുമുണ്ട്. 2024ല്‍ വെറും ആറ് തിമിംഗലങ്ങളുണ്ടായിരുന്നിടത്താണ് ഇപ്പോഴത് 33 ആയിരിക്കുന്നത്. ഫോട്ടോകള്‍ പകര്‍ത്തിയെടുത്താണ് ശാസ്ത്രഞ്ജര്‍ തിമിംഗലങ്ങളെ തിരിച്ചറിഞ്ഞത്. ഇവ കുറച്ചുനാളുകള്‍ കൂടി ഇവിടെ തുടരുമെന്നാണ് പഠനത്തിലുള്ളത്. പിന്നീട് വടക്കോട്ടുള്ള വാര്‍ഷിക ‘ദേശാടന’ത്തിലേക്ക് തിമിംഗലങ്ങള്‍ നീങ്ങുമെന്നാണ് കരുതുന്നത്.

തിമിംഗലങ്ങളുടെ മരണകാരണം കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്. കൂട്ടത്തോടെ ഇവ തീരത്തിനടുത്ത് തമ്പടിച്ചിരിക്കുന്നതും ആശങ്കയുളവാക്കുകയാണ്. തിമിംഗലങ്ങള്‍ അവരുടെ ജീവിതശൈലി മാറ്റുകയാണോ അതോ സമുദ്രത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്യുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്നും പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. 

യു.സ് കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് തിമിംഗലങ്ങളുടെ സഞ്ചാപാതകളുള്‍പ്പെടെ രേഖപ്പെടുത്തി സാന്‍ ഫ്രാന്‍സിസ്കോ ഹാര്‍ബര്‍ സൊസൈറ്റി കമ്മിറ്റിക്കടക്കം നല്‍കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിലൂടെ കപ്പലുകളുടെയും ബോട്ടുകളുടെയും സഞ്ചാരപാത നിജപ്പെടുത്തി തിമിംഗലങ്ങളെ ഇവയുടെ നീക്കം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാനാകും എന്ന നിര്‍ദേശവും ശാല്ത്രഞ്ജര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ENGLISH SUMMARY:

The recent spate of whale carcasses washing ashore along the coast has raised serious concerns. Within just one week, six whales were found dead on San Francisco's shores. Scientists have now launched a detailed investigation to determine the cause behind these deaths. The strandings occurred between May 21 and May 26. So far this year, a total of 14 whales have washed ashore dead, according to data released by the California Academy of Sciences.