വൈദ്യുതി ബില്ല് നിയന്ത്രിക്കാൻ എന്താണ് മാര്‍ഗം എന്നാലോചിക്കുന്നവര്‍ക്കിടയിലാണ് പാക്കിസ്ഥാനിൽ നിന്നുള്ള മുസ്‌ലിം പുരോഹിതന്‍ വൈറലായിരിക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇദ്ദേഹം നൽകുന്ന മറുപടിയാണ് വിഡിയോയിലുള്ളത്. എക്സ്പ്രസ് ടിവിയിലെ ജാവേരിയ സൗദിന്‍റെ ഷോയിൽ പ്രത്യക്ഷപ്പെട്ട മുസ്‌ലിം പുരോഹിതനായ മൗലാന ആസാദ് ജമീലാണ് വൈദ്യുതി ബിൽ കുറയ്ക്കാന്‍ എല്ലാവരും പ്രാർത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്.
ഓരോ ദിവസം ചെല്ലുന്തോറും വൈദ്യുതി ബിൽ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. അത് കുറയ്ക്കാൻ എന്തെങ്കിലും ഒരു പ്രാർത്ഥനയോ പ്രതിവിധിയോ പറഞ്ഞുതരാമോയെന്നാണ് ഷോയിൽ അവതാരിക മൗലാനയോട് ചോദിക്കുന്നു. ഈ സമയം പറഞ്ഞുതരാമെന്ന് പറയുന്ന പുരോഹിതന്‍ 'മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ 'സം സം' എന്ന രണ്ട് വാക്കുകൾ എഴുതണം. ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു.
അടിക്കടി ഉയരുന്ന വൈദ്യുതി ബില്ലുകൾ പ്രശ്നമാകുന്നുണ്ടോ? ഈ പാകിസ്ഥാനി മൗലാനയുടെ കയ്യിൽ ഒരു ദൈവീക പരിഹാരമുണ്ട് എന്ന കുറിപ്പോടെ സോനം മഹാജന്‍ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1.4 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.