തുര്‍ക്കി സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച് വിഡിയോ ചെയ്ത ഇന്ത്യന്‍ യൂട്യൂബര്‍ക്ക് തുര്‍ക്കിയില്‍ പ്രതിഷേധം. മാലിക് സ്വാഷ്ബക്ക്ലർ എന്നറിയപ്പെടുന്ന യൂട്യൂബറുടെ തുര്‍ക്കിയില്‍ നിന്നുള്ള വിഡിയോയിലാണ് അധിക്ഷേപകരമായ വാക്കുകള്‍. വിഡിയോ വൈറലായതിന് പിന്നാലെ ഇയാളെ തുര്‍ക്കിയില്‍ പൊലീസ് അറസ്റ്റു ചെയ്തു എന്നാണ് വിവരം.
മാലിക് എസ്ഡി ഖാന്‍ എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അപ്‌ലോഡ് ചെയ്‌ത വീഡിയോകളിലാണ് തുർക്കി സ്ത്രീകളെ അപമാനിക്കുന്ന ഭാഷയില്‍ സംസാരിക്കുന്നത്. നാട്ടുകാര്‍ക്ക് മനസിലാകാതിരിക്കാന്‍ ഹിന്ദിയിലാണ് ഇയാള്‍ വിഡോയോയില്‍ സംസാരിക്കുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോയില്‍ തുർക്കി സ്ത്രീയെ "ഐറ്റം" എന്നാണ് ഇയാള്‍ വിളിക്കുന്നത്. തുർക്കിയിലെ ഒരു കടയിൽ കയറി ഇന്ത്യൻ പതാക പ്രദർശിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യം ചെയ്യുന്നതും കടയുടമയോട് മോശമായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്. കൂടെയുള്ള തുര്‍ക്കികാരിയായ ഏജന്‍റിനെതിരെ ബലാല്‍സംഗ ഭീഷണിയും മാലിക് ഉയര്‍ത്തുന്നുണ്ട്. രാത്രിയിൽ തന്റെ തുർക്കി ടൂർ ഗൈഡിനെ ബലാല്‍സംഗം ചെയ്യണോ എന്നാണ് ഇയാള്‍ തന്‍റെ കാഴ്ചക്കാരോട് ചോദിക്കുന്നത്.
തുര്‍ക്കിയില്‍ വിഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തുര്‍ക്കിയില്‍ പ്രതിഷേധമുണ്ടായി. തുര്‍ക്കി ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇയാളെ കഴിഞ്ഞാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാടിന്റെ പേരിൽ തുര്‍ക്കിയെ ബഹിഷ്‌കരിക്കാനുള്ള ഓൺലൈൻ ക്യാംപയിനുകള്‍ക്കിടയിലാണ് അറസ്റ്റ്. ഇന്ത്യയിലെയും തുർക്കിയിലെയും ഉദ്യോഗസ്ഥരും വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.