മരണത്തില്‍ നിന്ന് രക്ഷനേടുന്ന ഒരുകൂട്ടം ആളുകള്‍. അവരെ പിന്തുടര്‍ന്ന് വേട്ടയാടുന്ന മരണം... ആ മരണങ്ങളിലേക്ക് നയിക്കുന്ന അപ്രതീക്ഷിത കാരണങ്ങള്‍... 2000 ത്തില്‍ ആദ്യമായി പുറത്തിറങ്ങിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ഫ്രാഞ്ചൈസിയുടെ ഇതിവൃത്തം ഇതാണ്. ഇപ്പോളിതാ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രത്തിന്‍റെ ആറാംഭാഗമായ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ബ്ലഡ് ലൈന്‍സും റിലീസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ സിനിമാ പ്രദര്‍ശത്തിനിടെ ഉണ്ടായ ഒരു അപകടവാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍വയ്ക്കുകയാണ് ആരാധകര്‍. ഏറെക്കുറെ സിനിമയെ പോലെ, സിനിമയെ വെല്ലുംവിധം അപകടം.
അർജന്റീനയില്‍ നിന്നുള്ള 29 കാരിയായ ഫിയാമ്മ വില്ലവെർഡെയെ സംബന്ധിച്ചിടത്തോളം ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍’ കണ്‍മുന്നിലൂടെയാണ് കടന്നുപോയത്. മെയ് 19 ന് അർജന്റീനയിലെ ലാ പ്ലാറ്റയിലുള്ള സിനിമാ ഒച്ചോയിൽ ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് കാണാന്‍ എത്തിയതായിരുന്നു യുവതി. തന്റെ 11 വയസ്സുള്ള മകളോടും ഒരു സുഹൃത്തിനോടുമൊപ്പം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു സിനിമ കാണാന്‍ കയറിയത്. സിനിമ തുടങ്ങിയതിന് പിന്നാലെ പെട്ടെന്ന് മുകളിൽ നിന്ന് വിചിത്രമായ ശബ്ദം കേൾക്കുന്നതു പോലെ തോന്നി. ആദ്യം സിനിമയുടെ സൗണ്ട് ഇഫക്റ്റുകളുടെ ഭാഗമാണിതെന്നാണ് യുവതി കരുതിയത്. എന്നാല്‍ പെട്ടെന്ന് തികച്ചും അപ്രതീക്ഷിതമായി തിയറ്ററിന്‍റെ സീലിങ് തകര്‍ന്നുവീഴുകയായിരുന്നു.
യുവതിയുടെ ശരീരത്തിലാണ് സീലിങ് പതിച്ചത്. തോളിലും കൈയിലും മുറിവുകളുമുണ്ട്. പെട്ടെന്ന് രക്ഷനേടാനായി ആംറെസ്റ്റിൽ ചാരി നിന്നിരുന്നില്ലെങ്കിൽ സീലിങ് പാനല്‍ ഒരുപക്ഷേ യുവതിയുടെ തലയിലായിരിക്കാം പതിക്കേണ്ടിയിരുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീലിങ് ഗുരുതരമായ അപകടത്തിന് കാരണമാകാന്‍ തക്കവണ്ണം വലിപ്പമുള്ളതായിരുന്നു എന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, യുവതിയുടെ മകളും സുഹൃത്തും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അപകടത്തിന് പിന്നാലെ തിയറ്ററിന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും യുവതി പറയുന്നു. സ്വയം തിയറ്ററില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തേണ്ടിവന്നു. സംഭവത്തില്‍ തിയേറ്ററിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. സംഭവത്തെക്കുറിച്ച് അധികൃതർ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്തായാലും ഫൈനല്‍ ഡെസ്റ്റിനേഷന്‍ കാണാന്‍ പോയ യുവതിക്കുണ്ടായ അപകടം ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സിനിമയും അപകടവും തമ്മിലുള്ള വിചിത്രമായ യാദൃശ്ചികതയെ ചൂണ്ടിക്കാട്ടുകയാണ് നെറ്റിസണ്‍സ്. ചിത്രം അങ്ങനെ ഒരു ‘5D’ അനുഭവമായി" മാറി എന്ന് ചിലര്‍ തമാശപറഞ്ഞു. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിലെ ആറാമത്തെ ചിത്രമാണ് ബ്ലഡ്‌ലൈൻസ്. മെയ് 16 ന് പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടുമായി ഇതിനകം 180 മില്യൺ ഡോളറിലധികം നേടിയിട്ടുണ്ട്.