ബെത്ത് ഭര്‍ത്താവിനൊപ്പം (Image: Social Media)
തുര്‍ക്കിയിലേക്കുള്ള വിനോദയാത്രക്കിടെ മരിച്ച യുവതിയുടെ ഹൃദയം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ശരീരം സ്വദേശത്ത് എത്തിച്ചതിന് ശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശരീരത്തില്‍ നിന്ന് ഹൃദയം നീക്കം ചെയ്തതായി കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ പോർട്ട്സ്മൗത്തില്‍ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ 28 കാരി ബെത്ത് മാർട്ടിനാണ് മരിച്ചത്.
യുകെയിൽ നിന്ന് തുർക്കിയിലേക്കുള്ള യാത്രയ്ക്കിടെയാണ് തനിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. ഭക്ഷ്യവിഷബാധയായിരിക്കാം എന്നതാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇസ്താംബൂളിൽ വിമാനമിറങ്ങി മണിക്കൂറുകൾക്കകം നില വഷളാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിറ്റേന്ന് ഏപ്രിൽ 28 ന് യുവതി മരിക്കുകയും ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടില്‍ പറയുന്നു.
ഒന്നിലധികം അവയവങ്ങങ്ങള്‍ പ്രവര്‍ത്തനക്ഷമം അല്ലതായതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണ് തുർക്കി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. എന്നാൽ മരണകാരണം വിശദമായി വ്യക്തമാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ലൂക്ക് മാർട്ടിൻ തുർക്കി ഉദ്യോഗസ്ഥരോട് പ്രകോപിതനായിരുന്നു. ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെന്നും താന്‍ സ്വന്തം ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നുമാണ് അവര്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ മൃതദേഹം യുകെയില്‍ എത്തിച്ച് നടത്തിയ പോസ്റ്റമോര്‍ട്ടത്തിലാണ് ഹൃദയം നീക്കം ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ക്കെതിരെ ബെത്ത് മാര്‍ട്ടിന്‍റെ കുടുംബം രംഗത്തുണ്ട്. പാര്‍ക്കിങില്‍ വച്ച് തുര്‍ക്കി പൊലീസ് തന്നെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തുവെന്നും, ബെത്തിന്‍റെ പേരില്‍ ആരംഭിച്ച് ഗോ ഫണ്ട് മി പേജില്‍ അദ്ദേഹം പറയുന്നു.
എന്നാല്‍ ബെത്ത് തുര്‍ക്കിയില്‍ വച്ച് ഒരു ശസ്ത്രക്രിയയ്ക്കും വിധേയായിട്ടില്ല എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മരിച്ച ആശുപത്രിയില്‍ വച്ച് പ്രാഥമിക പോസ്റ്റുമോര്‍ട്ടം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും അധികൃതർ പറയുന്നു. എന്നാല്‍ അലർജിയുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുന്‍പ് യുവതിക്ക് പെൻസിലിൻ നൽകിയതായി കുടുംബം സംശയിക്കുന്നുണ്ട്. ബെത്തിന്‍റെ ശരീരത്തില്‍ നിന്നും ഹൃദയം നീക്കം ചെയ്തതിലും മരണ കാരണം കണ്ടെത്താനും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും കുട്ടികളായ എട്ട് വയസ്സുള്ള എലൂയിസും അഞ്ച് വയസ്സുള്ള ടോമിയ്ക്കുമൊപ്പം ഏപ്രിൽ 27 നാണ് അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലേക്ക് തിരിച്ചത്.