പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്ത ശരീരങ്ങളിലെ അവയവങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ഹാർവാർഡ് ജീവനക്കാരൻ കുറ്റം സമ്മതിച്ചതായി പെൻസിൽവാനിയയിലെ മിഡിൽ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസ്. 2018 മുതൽ 2020 മാർച്ച് കാലയളവിലാണ് മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും മറ്റ് അവയവങ്ങളും ന്യൂ ഹാംഷെയറിലെ ഗോഫ്സ്ടൗണിൽ നിന്നുള്ള 57 കാരനായ സെഡ്രിക് ലോഡ്ജ് കടത്തിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും അന്വേഷമങ്ങള്‍ക്കും ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോര്‍ച്ചറിയുടെ മാനേജരായി ജോലി ചെയ്തിരുന്ന സമയത്താണ് സെഡ്രിക് ലോഡ്ജ് ശരീരഭാഗങ്ങള്‍ കടത്തിയത്. പഠനാവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ലഭിച്ച മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ, തലച്ചോറ്, ചർമ്മം, കൈകൾ, മുഖം, മറ്റ് ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ ശരീരഭാഗങ്ങളാണ് ഇയാള്‍ കടത്തിയത്. ദാതാക്കളുടെയോ അവരുടെ കുടുംബത്തിന്‍റെയോ സമ്മതം പോലുമില്ലാതെയായിരുന്നു ഇത്. മോഷ്ടിച്ച ശരീരഭാഗങ്ങള്‍ ആദ്യം തന്റെ ന്യൂ ഹാംഷെയർ വസതിയിലേക്കാണ് ഇയാള്‍ ആദ്യം കൊണ്ടുപോയിരുന്നത്. തുടര്‍ന്ന് സെഡ്രിക് ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേര്‍ന്ന് ശരീരഭാഗങ്ങള്‍ മസാച്യുസെറ്റ്സ്, ന്യൂ ഹാംഷെയർ, പെൻസിൽവാനിയ എന്നിവയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു. പലപ്പോളും ഉയര്‍ന്ന വിലയ്ക്കാണ് ഇവര്‍ ശരീരഭാഗങ്ങള്‍ വിറ്റുകൊണ്ടിരുന്നത്.
സംഭവത്തില്‍ ശരീരഭാഗങ്ങള്‍ വാങ്ങിയ ജോഷ്വ ടെയ്‌ലർ, ആൻഡ്രൂ എൻസാനിയൻ എന്നിവരേയും ഗൂഢാലോചനയ്ക്കും മോഷ്ടിച്ച ശരീരഭാഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച ജെറമി പോളിയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡെനിസ് ലോഡ്ജ്, ജോഷ്വ ടെയ്‌ലർ, ആൻഡ്രൂ എൻസാനിയൻ, മാത്യു ലാംപി, ആഞ്ചലോ പെരേര എന്നിവരുൾപ്പെടെ നിരവധി പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരം കുറ്റകൃത്യത്തിന് പരമാവധി 10 വർഷം തടവും, പിഴയും ലഭിക്കാം. ഫെഡറൽ ശിക്ഷാ ചട്ടങ്ങളും ഫെഡറൽ ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും ജഡ്ജി ശിക്ഷ തീരുമാനിക്കുക.