അവശ്യസാധനങ്ങളടങ്ങിയ ട്രക്കുകള്‍ അതിര്‍ത്തികടന്നിട്ടും വിതരണംചെയ്യാന്‍ ഇസ്രയേല്‍ അനുവാദം നല്‍കിയിട്ടില്ല. ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 55 പേര്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. വിശപ്പടക്കാനല്ല, മരിക്കാതിരിക്കാനുള്ള പോരാട്ടമാണിത് . ഇസ്രയേലിന്‍റെ കില്ലര്‍ഡ്രോണുകളേക്കാള്‍, പട്ടിണികൊണ്ടുമരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണമാണ് പലസ്തീനെ ഭയപ്പെടുത്തുന്നത്. 11 ആഴ്ചയായി പുറത്തുനിന്നുളള സഹായനീക്കം നിലച്ചിട്ട്.
ഉപരോധം നീക്കി ധാന്യങ്ങളും മരുന്നുകളും ബേബി ഫുഡുമായി 93 ട്രക്കുകള്‍ ഇന്നലെ കീറം ഷാലോം ക്രോസിങ് കടന്ന് പലസ്തീനിലെത്തി. എന്നാല്‍ സഹായവിതരണത്തിന് ഇസ്രയേല്‍ അനുമതി നല്‍കിയില്ല. പോഷകാഹാരം കിട്ടാതെ, ശോഷിച്ചുപോയ 14,000 കുഞ്ഞുങ്ങള്‍ മരണത്തിനരികെയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ സഹായമെത്തിയില്ലെങ്കില്‍ പട്ടിണിമരണങ്ങള്‍ ക്രമാതീതമായി ഉയരുമെന്നാണ് യുഎന്‍ മുന്നറിയിപ്പ്
ദുരിതങ്ങളുടെ നരകത്തില്‍ ഉരുകുന്നവര്‍ക്കുമേല്‍ തീവര്‍ഷിച്ച ഇസ്രയേല്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 55പേരാണ് ഒറ്റദിവസം കൊണ്ട് കൊല്ലപ്പെട്ടത്. കര്‍ശന സ്വരത്തില്‍ പ്രതിഷേധിച്ച യുകെയും യൂറോപ്യന്‍ യൂണിയനും ഇസ്രയേലുമായുള്ള വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു