ഇന്ത്യയുമായുള്ള സൈനിക നടപടിക്ക് പിന്നാലെ പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനകയറ്റം. സൈനിക മേധാവിയെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്താന്‍ മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ വഹിച്ച ' ശ്രേഷ്ഠമായ പങ്ക്' ആണ് അസീം മുനീറിനെ സ്ഥാനകയറ്റത്തിന് അര്‍ഹനനാക്കിയതെന്നാണ് പാക്ക് മാധ്യമമായ പിടിവി റിപ്പോര്‍ട്ട് ചെയ്തു. 

1959 ല്‍ ജനറൽ അയൂബ് ഖാന്‍ സ്വയം ഫീൽഡ് മാർഷൽ ആയി പ്രഖ്യാപിച്ചതിന് ശേഷം ഈ സ്ഥാനത്ത് എത്തുന്നയാളാണ് അസിം മുനീര്‍. 2022ലാണ് ഇയാളെ സൈനിക മേധാവിയായി നിയമിച്ചത്. സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. സ്ഥാനക്കയറ്റത്തിന് ശേഷവും അസിം മുനീറിന് കരസേനാ മേധാവിയായി തുടരാനാകും.

2018 ല്‍ ഐഎസ്ഐ ഡയറക്ടര്‍ ജനറലായിരുന്ന അസിം മുനീര്‍ 2022 നവംബറിലാണ് പാകിസ്ഥാന്റെ കരസേനാ മേധാവിയാകുന്നത്. ഒരു വർഷത്തിനുശേഷം, പാർലമെന്ററി നിയമ ഭേദഗതിയിലൂടെ  കാലാവധി അഞ്ച് വർഷമായി ഉയർത്തിയിരുന്നു. സാധാരണ സേനാമേധാവിയുടെ കാലാവധി മൂന്ന് വർഷമായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും പാക്കിസ്ഥാന് കനത്ത തിരിച്ചടിയേറ്റ സമയത്താണ് സ്ഥാനകയറ്റമെന്നതാണ് ശ്രദ്ധേയം. പാക്കിസ്ഥാനിലെ 11 വ്യോമസേനാ താവളങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടമുണ്ടായിട്ടും പാക്കിസ്ഥാന്‍ വെടിനിർത്തൽ കരാര്‍ ആവശ്യപ്പെട്ടിട്ടും ലോകവേദികളില്‍ പാക്കിസ്ഥാന്‍ വിജയം അവകാശപ്പെട്ടിരുന്നു.  

ENGLISH SUMMARY:

Following military operations with India, Pakistan’s military chief Asim Munir has been promoted to the rank of Field Marshal. The Pakistani cabinet approved the elevation, citing his ‘outstanding role’ in the conflict.