ഫയല്‍ ചിത്രം.
ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ബംഗ്ലാദേശിലും സാന്നിധ്യം വര്‍ധിപ്പിച്ച് തുര്‍ക്കി. സര്‍ക്കാര്‍ പിന്തുണയുള്ള സന്നദ്ധ സംഘടനകള്‍ വഴി ബംഗ്ലാദേശില്‍ തുര്‍ക്കി സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള സന്നദ്ധ സംഘടന പിന്തുണയ്ക്കുന്ന ഇസ്‍ലാമിസ്റ്റ് ഗ്രൂപ്പ് സാൽത്താനത്ത്-ഇ-ബംഗ്ലാ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 'ഗ്രേറ്റര്‍ ബംഗ്ലാദേശ്' എന്ന പേരില്‍ പുതിയ ഭൂപടം പുറത്തിറക്കിയിട്ടുണ്ട്.
മാന്‍മാറിലെ അരക്കന്‍ പ്രദേശം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കന്‍ പ്രദേശം എന്നിവയാണ് ഭൂപടത്തിലുള്ളത്. ധാക്കയിലെ സര്‍വകലാശാല ഹാളുകളിലും യുവാക്കളും വിദ്യാര്‍ഥികളും സംഘടിക്കുന്ന ഇടങ്ങളിലും ഭൂപടം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാറിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇന്ത്യയുടെ വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേര്‍ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം യൂനുസിന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബംഗ്ലാദേശ് സൈന്യത്തിനുള്ള ആയുധ വിതരണമടക്കം തുര്‍ക്കി കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. തുര്‍ക്കിയിലെ ഭരണകക്ഷിയായ എകെ പാര്‍ട്ടിയുമായി അടുപ്പമുള്ള എന്‍ജികളും ബംഗ്ലാദേശില്‍ സജീവമായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ അടുക്കുന്നതില്‍ പാക്കിസ്ഥാന്‍റെ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ ബംഗ്ലാദേശ് പരാജയപ്പെടുന്നതില്‍ ഇന്ത്യ–ബംഗ്ലാദേശ് ബന്ധം മോശമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞ ദിവസം റെഡിമെയ്ഡ് തുണിത്തരങ്ങള്‍ ഉള്‍പ്പടെയുള്ള ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിശ്ചിത തുറമുഖങ്ങള്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നവ ഷെവ, കൊല്‍ക്കത്ത എയര്‍പോര്‍ട്ട് എന്നിവ വഴി മാത്രമെ ബംഗ്ലാദേശില്‍ നിന്നുള്ള റെഡിമെയ്ഡ് ഗാര്‍മെന്‍റ്സ് ഇറക്കുമതി ചെയ്യാന്‍ സാധിക്കുകയുള്ളൂ.