.

ലിയോ പതിനാലാമന്‍  പാപ്പയുടെ സ്ഥാനാരോഹണചടങ്ങുകള്‍ പുരോഗമിക്കുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍  നടക്കുന്ന ദിവ്യബലിയില്‍ പത്രോസിന്റെ പിന്‍ഗാമിയായി മുക്കുവന്റെ മോതിരം അണിഞ്ഞ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാപ്പ തന്നെയാണ് കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുന്നത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചത്വരത്തില്‍ വിശ്വാസികള്‍ക്കായി നടത്തുന്ന പാപ്പയുടെ ആദ്യദിവ്യബലി കൂടിയാണിത്.  

സഭയുടെ ആദ്യപാപ്പയായ  പത്രോസിന്റെ കബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷം കര്‍ദിനാള്‍മാരുടെ അകമ്പടിയോടെയാണ് പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ബലിവേദിയിലെത്തിയത്. പത്രോസിന്റെ തൊഴിലിനെ അനുസ്മരിച്ച് മുക്കവന്റെ മോതിരവും ഇടയധര്‍മത്തെ ഓര്‍മിപ്പിക്കുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാനചടങ്ങ്. 

Pope Leo XIV holds his inaugural Mass in Saint Peter's Square, at the Vatican, May 18, 2025. REUTERS/YARA NARDI

കര്‍ദിനാള്‍ തിരുസംഘത്തിന്റെ മൂന്ന് പ്രതിനിധികളാകും പ്രത്യേക പ്രാര്‍ഥനകളോടെ പാലിയം അണിയിച്ചത്. ഫിലിപ്പീൻസിലെ മനില ആർച്ച്ബിഷപ് കർദിനാൾ ലൂയി അന്റോണിയോ  ഗോക്കിം താ​ഗ്ലെ പാപ്പയ്ക്ക് മുക്കുവന്റെ മോതിരം കൈമാറി. 

കുര്‍ബാനയ്ക്കുശേഷം പോപ്പ് മൊബീലില്‍ സഞ്ചരിച്ച് പാപ്പ വിശ്വാസികളെ ആശീര്‍വദിക്കും. സ്ഥാനാരോഹണച്ചടങ്ങളില്‍ രാഷ്ട്ര നേതാക്കളടക്കം നൂറുകണക്കിന് പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. പാപ്പയുടെ നാടായ അമേരിക്കയില്‍ നിന്ന് വൈസ് പ്രസിഡന്റ് ജെ.‍ഡി.വാന്‍സും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും പങ്കെടുക്കും. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയും വത്തിക്കാനിലെത്തും. പാപ്പയുടെ കര്‍മമണ്ഡലമായിരുന്ന പെറുവില്‍  നിന്ന് നൂറുകണക്കിന്  വിശ്വാസികളാണ് ചടങ്ങിന് സാക്ഷികളാകാന്‍  വത്തിക്കാനിലേക്ക് എത്തിയത്.

ENGLISH SUMMARY:

Pope Leo XIV's official enthronement as the successor of Saint Peter takes place today at St. Peter's Square. During the Holy Mass, the Pope will receive the Fisherman's Ring and the Pallium, symbolizing his pastoral authority and apostolic succession. The ceremony, starting at 1:30 PM IST, marks his first public Eucharist after election.