200 ഓളം യാത്രക്കാരുമായി പൈലറ്റില്ലാതെ പറന്ന് വിമാനം. ജര്‍മനിയില്‍ നിന്നും സ്പെയിനിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സാ വിമാനത്തിലാണ് ആകാശത്തുവച്ച് അസാധാരണ സംഭവമുണ്ടായത്. പൈലറ്റ് വാഷ്റൂമിലേക്ക് പോയതും സഹപൈലറ്റ് ബോധരഹിതയായതുമാണ് വിമാനം നിയന്ത്രിക്കാന്‍ ആളില്ലാതിരിക്കാന്‍ കാരണം. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെങ്കിലും അന്വേഷണത്തിന് ശേഷം ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
199 യാത്രക്കാരും ആറു വിമാന ജോലിക്കാരുമായി 2024 ഫെബ്രുവരിയിലാണ് വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സെവില്ലെയിലേക്ക് പറന്നത്. വാഷ്റൂമിലേക്ക് പോകുമ്പോള്‍ ഫസ്റ്റ് ഓഫീസര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് 43 കാരനായ ക്യാപ്റ്റന്‍ മൊഴി നല്‍കി. യാത്ര അവസാനിക്കാന്‍ 30 മിനിട്ട് ബാക്കിയുണ്ടായിരുന്നതിനാലാണ് വാഷ്റൂമിലേക്ക് പോയതെന്നും മൊഴിയിലുണ്ട്.
എട്ട് മിനിട്ടിനുശേഷം തിരിച്ചെത്തി, സുരക്ഷാ വാതിലിന്റെ ആക്‌സസ് കോഡ് നൽകിയെങ്കിലും പൈലറ്റിന് ഫ്ലൈറ്റ് ഡെക്കിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് എമര്‍ജന്‍സ് കോഡ് ഉപയോഗിച്ചാണ് ക്യാപ്റ്റന്‍ അകത്ത് പ്രവേശിച്ചത്. അതേസമയം തന്നെ സഹപൈലറ്റ് ബോധം വീണ്ടെടുത്ത് അകത്തു നിന്ന് സ്വമേധയാ വാതിൽ തുറക്കുകയും ചെയ്തു.
വിളറി വിയര്‍ത്ത അവസ്ഥയിലായിരുന്നു സഹപൈലറ്റ്. തുടര്‍ന്ന് വിമാനജീവനക്കാരുടെയും യാത്രക്കാരനായ ഡോക്ടറുടെയും സഹായത്തോടെ ഇയാളെ പരിചരിച്ചു എന്നും പൈലറ്റ് വ്യക്തമാക്കി. പെട്ടന്ന് ബോധരഹിതനാവുകയായിരുന്നെന്നും മറ്റുള്ളവരെ വിവരമറിയിക്കാന്‍ സാധിച്ചില്ലെന്നാണ് സഹപൈലറ്റിന്‍റെ മൊഴി.
പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം തൊട്ടടുത്ത വിമാനത്താവളമായ മാഡ്രിഡില്‍ ഇറക്കുകയായിരുന്നു. സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടന്നുള്ള ബോധക്ഷയത്തിന് കാരണം നാഡി സംബന്ധമായ രോഗമാണെന്നാണ് കണ്ടെത്തല്‍. ഇയാളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്തു.