Image: facebook, Reuters
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്തുമെന്ന് ഹൂതികള്‍. ഹൂതി തലവന്‍ അബ്ദുവ്‍ മാലിക് അല്‍ ഹൂതിയെ വധിക്കുമെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹൂതികളുടെ പ്രഖ്യാപനം. നെതന്യാഹു ഉള്ളിലുള്ളപ്പോള്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടതാണെന്നും ഇനി മടിക്കില്ലെന്നും ഹൂതി നേതാവ് നസര്‍ അല്‍ ദിന്‍ അമര്‍ അവകാശപ്പെട്ടു. ഗാസയിലെ കൂട്ടക്കുരുതികള്‍ക്ക് ഉത്തരവാദി ഇസ്രയേല്‍ നേതൃത്വമാണെന്നും അതിന് പ്രതികാരം ചെയ്യാതെ ഹൂതികള്‍ വിശ്രമിക്കില്ലെന്നും അമര്‍ പറഞ്ഞു.
അതേസമയം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളില്‍ കടുത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹൊദെയ്ദ, സാലിഫ് തുറമുഖങ്ങള്‍ ലക്ഷ്യമിട്ടെത്തിയ പതിനഞ്ചോളം യുദ്ധവിമാനങ്ങള്‍ 30 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ആക്രമണം തുടരാനാണ് ഭാവമെങ്കില്‍ ഹൂതികളുടെ തലവനായ അബ്ദുല്‍ മാലിക് അല്‍ ഹൂതിയെ തന്നെ വകവരുത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
സനയിലെ വിമാനത്താവളവും തകര്‍ന്ന നിലയിലാണെന്നും കാറ്റ്സ് എക്സില്‍ കുറിച്ചു. 'ഇസ്രയേലിന് നേരെ മിസൈലുകള്‍ തൊടുക്കാനാണ് ഭാവമെങ്കില്‍ വേദനാജനകമായ തിരിച്ചടികളാകും ഹൂതികളെ കാത്തിരിക്കുന്നത്. ദെയ്ഫിനോടും സിന്‍വാറിനോടും ബെയ്റൂത്തിലെ നസ്റള്ളയോടും ടെഹ്റാനിലെ ഹനിയയോടും ചെയ്തത് പോലെ നിര്‍ദാക്ഷിണ്യം തീര്‍ത്തുകളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഹൂതി ഭീഷണി.
അതിനിടെ ഹൂതികള്‍ക്കെതിരെ യുഎസ് കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഹൂതികള്‍ക്ക് ഏറ്റുമുട്ടല്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആക്രമണം നിര്‍ത്തുന്നതെന്നായിരുന്നു ട്രംപിന്‍റെ വാദം. എന്നാല്‍ ഹൂതികളുടെ ആക്രമണത്തില്‍ 510 കോടിയോളം രൂപയുടെ നഷ്ടം യുഎസിനുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗാസയിലെ ആക്രമണങ്ങള്‍ക്ക് യുഎസ് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ചെങ്കടലില്‍ കൂടി പോകുന്ന യുഎസ് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.