1. പ്രതിയുടെ പഴയകാല ചിത്രം, 2. എഐ ഇമേജ്, 3. പ്രതിയുടെ ഇപ്പോഴത്തെ ചിത്രം

യുഎസിലെ കാലിഫോർണിയയില്‍ കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയയാളെ 43 വർഷങ്ങൾക്ക് ശേഷം ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടി. 1982ൽ നടന്ന ബലാത്സംഗക്കേസിലെ പ്രതി ഗാരി റാമിറെസിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

1982 സെപ്റ്റംബറിലാണ് കാരെൻ സ്റ്റിറ്റി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് സംസാരിച്ച ശേഷം, അർദ്ധരാത്രിയോടെ തിരികെ വീട്ടിലേക്ക് പോകവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഈ പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. അയാള്‍ക്ക് അന്ന് പ്രായം 35വയസ് . ബലാത്സംഗം ചെയ്ത ശേഷം 59 തവണയാണ് അയാള്‍ പെണ്‍കുട്ടിയെ കുത്തിയത്.

ബസ് സ്റ്റോപ്പില്‍ നിന്നും കുറച്ചു ദൂരത്താണ് പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തു വന്നതോടെ അന്ന് എല്ലാവരും സംശയിച്ചിരുന്നത് അവളുടെ കാമുകനെ തന്നെയായിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിലാണ് കാമുകനെ പൊലീസ് വെറുതേ വിട്ടത്. കൊലപാതകിയുടെ രക്തവും ശരീരസ്രവവും പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് അന്ന് കണ്ടെത്തിയിരുന്നു.

ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോള്‍ ആ ശരീരസ്രവം കാമുകന്‍റേതല്ലെന്ന് തെളിഞ്ഞിരുന്നു. കേസിന്‍റെ അന്വേഷണം 2022ലാണ് പുനരാരംഭിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീരസ്രവങ്ങളും രക്തവും ഗാരി റാമിറെസിയുടേതാണെന്ന് സൂചന ലഭിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പിന്നീട് സാന്താ ക്ലാര കൗണ്ടി ഡിഎയുടെ ക്രൈം ലാബ് ഇത് സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനം മൂലമാണ് ഇത്രയും വർഷങ്ങളായി ഒളിച്ചിരുന്ന പ്രതി മറ നീക്കി വെളിച്ചത്തു വന്നത്.

ENGLISH SUMMARY:

Teen Was Raped And Stabbed 59 Times In 1982. Killer Arrested After 43 Years