ഫയല്‍ ചിത്രം.
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിന് പാക്ക് സര്‍ക്കാറില്‍ നിന്നും കോടികള്‍ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക.
ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്‍റെ മൂത്ത സഹോദരിയും ഭർത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാൻ തീരുമാനിച്ചാൽ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് ദ് ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലെ ഒരു ലക്ഷ്യം ജയ്ഷെ ആസ്ഥാനമായ ബഹാവല്‍പുരിലെ ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹില്‍ ആയിരുന്നു. ലഹോറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ഇത്. മസൂദ് അസറിന്‍റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് പത്രകുറിപ്പിലുള്ളത്. അസറിന്‍റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.
ബഹാവല്‍പുരിലെ ആസ്ഥാനം കൂടാതെ ജയ്ഷെ കേന്ദ്രമായ തെഹ്ര കാലാനിലെ സര്‍ജല്‍, ബര്‍ണാലയിലെ ജയ്ഷെ കേന്ദ്രമായ മര്‍കസ് ആലെ ഹാദിത്ത്, കോട്ലിയിലെ ജയ്ഷെ കേന്ദ്രം മര്‍കസ് അബ്ബാസ്, മുസാഫറബാദിലെ ജയ്ഷെ താവളമായ സയ്യിദിന ബിലാല്‍ ക്യാംപ് എന്നിവയും ഇന്ത്യ തകര്‍ത്തിരുന്നു.
വ്യോമാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാനുള്ള സഹായവും പാക്കിസ്ഥാന്‍ സര്‍ക്കാറിന്‍റെ നഷ്ടപരിഹാര പദ്ധതിയിലുണ്ട്. ഇത്തരത്തില്‍ പാക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം വീണ്ടും ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്.