തെരുവുനായ ആക്രമണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് സംസ്ഥാനം. മലപ്പുറത്ത് തെരുവുനായ ആക്രമണത്തിന് ഇരയായ അഞ്ചുവയസുകാരി പേവിഷബാധയേറ്റ് മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം, കൂട്ടവാക്സീന്‍, മാലിന്യനിര്‍മാര്‍ജനപദ്ധതി അടക്കം നിരവധി ആശയങ്ങള്‍ പയറ്റി നോക്കിയെങ്കിലും ഇവയെല്ലാം സംപൂര്‍ണ പരാജയമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന് ആഹ്വാനങ്ങളുയരുന്നെങ്കിലും ധാര്‍മികമായും നിയമപരമായും ഇത്തരം വാദങ്ങള്‍ക്ക് ഗുരുതര പ്രശ്നങ്ങളുണ്ട്. തെരുവുനായ ആക്രമണങ്ങളെക്കുറിച്ച് തുടരെ ചര്‍ച്ചകളും ഉപചര്‍ച്ചകളും ഉയരുമ്പോളും പ്രതിവിധി കണ്ടെത്താനാവുന്നില്ല. അവിടെയാണ് തുര്‍ക്കിയുടെ തെരുവുനായ നിയന്ത്രണം എന്ന വിഷയത്തിലേക്ക് നാം ശ്രദ്ധിക്കേണ്ടത്.
ലോകത്തില്‍ ഏറ്റവും നല്ല തെരുവുനായ്ക്കള്‍ ഉള്ള രാജ്യം എന്ന ഖ്യാതി ഉണ്ട് തുര്‍ക്കിക്ക്. നഗരത്തിലെ നായ്ക്കളും പൂച്ചകളും മനുഷ്യരോട് വളരെ ഇണങ്ങി ജീവിക്കുന്നു. രാജ്യത്ത് തെരുവുനായ്ക്കളുടെ ആക്രമണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. തെരുവിലെ മൃഗങ്ങള്‍ എന്നതിലുപരി പൊതു വളര്‍ത്തുമൃഗങ്ങള്‍ എന്ന നിലപാടാണ് തുര്‍ക്കി ജനതയ്ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായിട്ടും, നായ്ക്കളെ അശുദ്ധമായി കാണാന്‍ ഇസ്‌ലാമിക നിയമങ്ങള്‍ അനുശാസിക്കുന്നെങ്കിലും, നായ്ക്കളോടുള്ള ബന്ധം തുര്‍ക്കി ജനതയ്ക്ക് അഗാധമാണ്.
പൗരാണിക കാലത്ത് തുര്‍ക്കി ഭരിച്ചിരുന്ന ഓട്ടൊമന്‍ രാജവംശമാണ് തെരുവുനായ്ക്കളോടുള്ള തുര്‍ക്കി ജനതയുടെ സമീപനത്തിന് തുടക്കം കുറിച്ചത്. ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രകാരം എല്ലാ മൃഗങ്ങളും ദൈവത്തിന്‍റെ സൃഷ്ടികളാണെന്നും അവയെ അനുകമ്പയോടെ കാണണമെന്നും കരുതല്‍ നല്‍കണമെന്നും ഓട്ടൊമന്‍ രാജവംശം അടിയുറച്ച് വിശ്വസിച്ചു. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനായി വഖഫിനെ ചുമതലപ്പെടുത്തി. ഇവ പ്രകാരം മൃഗങ്ങള്‍ക്ക് വാസസ്ഥലവും ഭക്ഷണവും ലഭിച്ചു. ശക്തമായ മൃഗസംരക്ഷണ നിയമങ്ങളും ഓട്ടൊമന്‍ ഭരണകൂടം കൊണ്ടുവന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നടപ്പിലാക്കി.
19ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ തെരുവുമൃഗങ്ങളോടുള്ള നിലപാടില്‍ തുര്‍ക്കി മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. എണ്ണക്കൂടുതല്‍ കൊണ്ടും രോഗങ്ങളുടെ വ്യാപനത്തിലും മറ്റും തെരുവുമൃഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ വന്ധ്യംകരണമടക്കം നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
1910ല്‍ 80,000 തെരുവുനായ്ക്കളെ സിവ്രിയാദ ദ്വീപിലേക്ക് നാടുകടത്തിയത് ഇതില്‍ പ്രത്യേകത ഉള്ള സംഭവമായിരുന്നു. നാടുകടത്തിയ നായ്ക്കള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയും ഭക്ഷണത്തിനായി പരസ്പരം വേട്ടയാടി ചാകുകയും ചെയ്തു. ഇതിനു പിന്നാലെ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനമുണ്ടാവുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. ഇത് തെരുവുനായ്ക്കളെ നാടുകടത്തി കൊന്നതിന് ദൈവം ശിക്ഷിച്ചതാണെന്ന് പൊതുജനം വിശ്വസിച്ചു. ഇതോടെ തെരുവുനായ്ക്കളോട് വീണ്ടും മൃദുസമീപനം സ്വീകരിക്കാന്‍ തുര്‍ക്കി ഭരണകൂടം നിര്‍ബന്ധിതരായി.
നിലവില്‍ തെരുവുമൃഗങ്ങളെ പൊതു വളര്‍ത്തുമൃഗങ്ങള്‍ ആയി കാണുന്ന നിലപാട് തുര്‍ക്കി തുടരുന്നുണ്ട്. ഇസ്താംബുള്‍ നഗരത്തിലടക്കം നിരവധി പ്രദേശങ്ങളില്‍ മൃഗങ്ങള്‍ക്കായി ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തെരുവുമൃഗങ്ങളെ കൊല്ലരുതെന്നും അനാവശ്യമായി പിടികൂടരുതെന്നും നിയമമുള്ളതിനാല്‍ പിടികൂടി കുത്തിവയ്പ്പെടുത്ത് തുറന്നുവിടേണ്ടത് ഓരോ നഗരസഭയുടെയും ഉത്തരവാദിത്തമാണ്. ഇവയ്ക്ക് ഭക്ഷണവും വെള്ളവും നഗരസഭ ഉറപ്പാക്കണം. നഗസഭയ്ക്ക് പുറമെ എന്‍ജിഒകളും പൊതുജനവും തെരുവുമൃഗങ്ങളെ പരിപാലിക്കുന്നു.
ഇത് കൂടാതെ എല്ലാ നായ്ക്കളുടെ ചെവിയിലും നഗരസഭ ടാഗുകള്‍ പതിച്ചിട്ടുണ്ട്. ഇവ നായ്ക്കളുടെ സ്വഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു. മഞ്ഞ ടാഗ് അടിച്ച നായ്ക്കള്‍ മനുഷ്യരോട് സൗഹൃദത്തോടെ ഇടപഴകുന്നവരാണ്. ഇവയെ വന്ധ്യംകരണം ചെയ്യുകയും കുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചുവപ്പ് ടാഗ് ഇട്ട നായ്ക്കളെ ശ്രദ്ധിക്കണം. ഇവര്‍ അത്ര നന്നായി ഇടപഴകില്ല. കരുതലോടെ മാത്രം സമീപിക്കണം. ഇവ കൂടാതെ നിരവധി നിറങ്ങള്‍ നായ്ക്കളുടെ പ്രത്യേകതകള്‍ എടുത്തുകാണിക്കുന്നു. തുര്‍ക്കിയിലെ തെരുവുകളില്‍ യഥേഷ്ടം സഞ്ചരിക്കുന്ന തെരുവുനായ്ക്കളെ കാണാം. ഇവയ്ക്കായി പല സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഭക്ഷണപാത്രങ്ങളും മറ്റും വച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വര്‍ഷങ്ങളായി ബാധിക്കുന്ന തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇതുവരെ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. ഒരുപക്ഷെ സംസ്ഥാനത്തിന് സ്വീകരിക്കാനാകുന്ന അല്ലെങ്കില്‍ പിന്തുടരാവുന്ന പദ്ധതിയാണ് തുര്‍ക്കിയുടെ തെരുവുമൃഗങ്ങളോടുള്ള സമീപനം. ഇത് ഭരണകൂടം എന്നതിലൂപരി പൊതുജനത്തില്‍ നിന്ന് തന്നെ തുടങ്ങണം.