Image: screengrab IDRW (left), AFP (right)

Image: screengrab IDRW (left), AFP (right)

  • വിമാനയാത്രാക്കൂലി, യാത്രസമയം എന്നിവയില്‍ വര്‍ധന
  • ഒറ്റപ്പറക്കലിന് അധികം ചെലവായത് 12,000 ഡോളര്‍
  • പാക്കിസ്ഥാന് കനത്ത തിരിച്ചടി

പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെ പാക്കിസ്ഥാന് കടുത്ത തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാത ഒഴിവാക്കി സ‍ഞ്ചരിക്കുന്നു. ഞായറാഴ്ച ഇസ്‍​ലമാബാദില്‍ നിന്നും ക്വലാലംപുറിലേക്ക് പോയ വിമാനം ചൈന, മ്യാന്‍മര്‍, തായ്​ലന്‍ഡ് എന്നിവിടങ്ങളിലൂടെയാണ് ക്വലലംപുറിലെത്തിയതെന്ന് ഫ്ലൈറ്റ് റഡാര്‍ ഡാറ്റ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ നഗരങ്ങളില്‍ നിന്ന് ക്വാലലംപുരിലേക്ക് എത്താന്‍ ഇന്ത്യന്‍ വ്യോമപാത വഴി യാത്ര ചെയ്യുമ്പോള്‍ പരമാവധി വേണ്ടി വരുന്നത് അഞ്ചര മണിക്കൂര്‍ സമയമാണ്. എന്നാല്‍ ചൈനയ്ക്ക് മുകളിലൂടെ പറന്നതോടെ പാക് വിമാനം എട്ടേകാല്‍ മണിക്കൂറിലേറെ  എടുത്താണ് ക്വലലംപുരില്‍ ലാന്‍ഡ് ചെയ്തത്. 

pia-avoids-indian-airspace

Image: AFP

ഇന്ത്യയെ പേടിച്ച് 1800 കിലോമീറ്ററോളമാണ് വിമാനം അധികം സഞ്ചരിച്ചതെന്നും ഫ്ലൈറ്റ് റഡാര്‍ ഡാറ്റയില്‍ നിന്ന് വ്യക്തമാണ്. അധിക ദൂരം സഞ്ചരിച്ചതോടെ 15000 കിലോ ജെറ്റ് ഇന്ധനവും  അധികമായി വേണ്ടിവന്നു. ഒറ്റപ്പറക്കലിന് പാക് വിമാന കമ്പനിക്ക് അധികം ചെലവായത് 12,000 ഡോളറാണെന്ന് ചുരുക്കം. 

വ്യോമപാത വിലക്കിയതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 'യാത്രക്കാരുടെ സുരക്ഷയെ കരുതി താല്‍കാലികമായ ചില വ്യോമപാത നിയന്ത്രണങ്ങള്‍ സ്വയം സ്വീകരിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുമെന്നും പാക് എയര്‍ലൈന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. സിംഗപ്പുര്‍, തായ്​ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനും പാക്കിസ്ഥാന്‍ ഇന്ത്യന്‍ വ്യോമപാതയാണ് ഉപയോഗിച്ച് വന്നിരുന്നത്. 

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂണ്‍ 30 യൂറോപ്യന്‍ എയര്‍ സേഫ്റ്റി ഏജന്‍സി പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സിന് ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ നവംബര്‍ 29നാണ് നീക്കിയത്. ഇത് പാക്കിസ്ഥാന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവച്ചിരുന്നു. 1971 ലാണ് ഇതിന് മുന്‍പ് ഇന്ത്യ പാക്കിസ്ഥാന് വ്യോമപാത വിലക്കിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യന്‍ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ വ്യോമപാത വിലക്കിയിരുന്നു. 

പാക്ക് വിമാന കമ്പനികള്‍ക്ക് വ്യോമപാതയും പാക് കപ്പലുകള്‍ക്ക് തുറമുഖങ്ങളും ഇന്ത്യ വിലക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആകാശപാത ഇന്ത്യ വിലക്കിയാല്‍ പാക് വിമാനങ്ങള്‍ക്ക് ക്വലാലംപുര്‍ പോലുള്ള തെക്കന്‍ ഏഷ്യന്‍ നഗരങ്ങളിലേക്ക് എത്താന്‍ ചൈനയോ ശ്രീലങ്കയോ വഴി പോകേണ്ടി വരും. നിലവില്‍ 270 ബില്യണ്‍ ഡോളറിലേറെ കടത്തില്‍ മുങ്ങിത്താണ് നില്‍ക്കുന്ന പാക് സമ്പദ്​വ്യവസ്ഥയ്ക്ക് ഇതുണ്ടാക്കുന്ന ആഘാതം ചില്ലറയാവില്ല. 12 ശതമാനമാണ് പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ എത്തുന്നതിന് നിരോധനവും ഏര്‍പ്പെടുത്തും. 

ENGLISH SUMMARY:

Following the Pahalgam terror attack, Pakistan Airlines rerouted flights over China, avoiding Indian airspace. The detour cost millions in fuel and time, increasing travel by over 1800 km.