FILE PHOTO: Pope Francis blesses a child as he visits the refugee camp of Saint Sauveur in Bangui, Central African Republic, November 29, 2015. REUTERS/Stefano Rellandini/File Photo
ശ്വാസകോശത്തിന്‍റെ ഒരുഭാഗം ഇല്ലാതെയാണ് കഴിഞ്ഞ 68 കൊല്ലം ഫ്രാൻസിസ് മാർപാപ്പ ജീവിച്ചത്. 1957ൽ, ഇരുപത്തിയൊന്നാം വയസിൽ ബാധിച്ച ശ്വാസകോശ അണുബാധ അതികലശലായി. മറ്റ് മാർഗമില്ലാതെ വന്നപ്പോൾ യോർഹെ മരിയോ ബർഗോഗ്ലിയോ എന്ന ആ ചെറുപ്പക്കാരന്‍റെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം ശസ്ത്രക്രിയ ചെയ്തുനീക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. സ്വദേശമായ അർജന്റീനയിലായിരുന്നു ശസ്ത്രക്രിയ.
Image: Bergoglio family photo via AP, File
ബര്‍ഗോഗ്ലിയോ ആ വെല്ലുവിളി അതിജീവിച്ചു. ആരോഗ്യം വീണ്ടെടുത്തു. ദൈവവഴിയിൽ മുന്നോട്ടുനടന്നു. ആത്മാർഥതയും കർമകുശലതയും പ്രായോഗികതയും ലാളിത്യവുമെല്ലാം ഒരാളിൽ സമന്വയിച്ചപ്പോൾ അദ്ദേഹം ആഗോളസഭയുടെ പരമാധ്യക്ഷപദവി വരെയെത്തി. അവിടെയും ആ ഗുണങ്ങളെല്ലാം കറപുരളാതെ ജ്വലിച്ചപ്പോൾ ലോകമെങ്ങും മത, വർഗ, രാഷ്ട്രഭേദമെന്യേ ഫ്രാൻസിസ് പാപ്പയെ സ്നേഹിക്കുന്നവരുടെ എണ്ണവും കൂടി. Also Read: ഫ്രാൻസിസ് പാപ്പയുടെ അന്ത്യവിശ്രമം ഇങ്ങനെ
പക്ഷേ പ്രായം ഏറുന്തോറും ഫ്രാൻസിസ് പാപ്പയെ പഴയ ശ്വാസകോശ പ്രശ്നങ്ങൾ അലട്ടിവന്നു. അണുബാധകൾ പലപ്പോഴും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. 2023 നവംബറിൽ യുഎഇ സന്ദർശനത്തിന് തൊട്ടുമുൻപുണ്ടായ രോഗബാധ കാരണം സന്ദർശനം തന്നെ റദ്ദാക്കേണ്ടിവന്നു. അടിക്കടി രോഗം അലട്ടിയെങ്കിലും അദ്ദേഹം ലോകമെങ്ങും അശരണർക്കും ആലംബഹീനർക്കും അരികിലേക്ക് ഓടിയെത്തി. മിക്കപ്പോഴും വീൽ ചെയറിൽ.
FILE PHOTO: Pope Francis reacts as he is greeted by cloistered nuns at the Duomo during his pastoral visit in Naples March 21, 2015 REUTERS/Stefano Rellandini/File Photo
കഴിഞ്ഞമാസത്തെ ആശുപത്രി വാസം ലോകമെങ്ങും വലിയ ആശങ്ക പരത്തിയെങ്കിലും അദ്ഭുതകരമായി ഫ്രാൻസിസ് പാപ്പ തിരിച്ചെത്തി. കടുത്ത ന്യൂമോണിയ ബാധിതനായിരുന്നു പാപ്പ. ആശുപത്രിവാസക്കാലത്ത് തന്റെ രോഗവിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് ഡോക്ടർമാർക്ക് പാപ്പ നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടുകൊണ്ടിരുന്നു. പ്രാർഥനകൾക്കൊടുവിൽ അദ്ദേഹം രോഗമുക്തനായി വത്തിക്കാനിലെ വസതിയിൽ തിരിച്ചെത്തി. അതൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നെങ്കിലും ഈസ്റ്ററിന്റെ പിറ്റേന്ന് മാർപ്പാപ്പ മടങ്ങി. നിത്യവിശുദ്ധിയിലേക്ക്!