ഇന്‍റര്‍നെറ്റ് ലോകത്ത് പൊട്ടിച്ചിരിയായി മാറിയിരിക്കുകയാണ് അയര്‍ലന്‍ഡ് പൊലീസിന് പറ്റിയ വന്‍ അമളി. 20 വര്‍ഷത്തോളം അന്വേഷിച്ച് നടന്നത് ഇല്ലാത്ത ഒരാളെയാണെന്നതായിരുന്നു തമാശയായത്. 1999 മുതലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഈ വര്‍ഷമായിരുന്നു അയര്‍ലന്‍ഡ് പൊലീസ് കുറ്റകൃത്യങ്ങള്‍ കമ്പ്യൂട്ടര്‍ രേഖയായി സുക്ഷിക്കാന്‍ തുടങ്ങിയത്. 1999ല്‍ റോഡില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പ്രാവോ ജസ്ഡി എന്നയാളെ പൊലീസ് പിടികൂടി. ജസ്ഡിയുടെ ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ പൊലീസ് കേസ് തങ്ങളുടെ കമ്പ്യൂട്ടര്‍ രേഖകളില്‍ ചേര്‍ത്തു.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രാവോ ജസ്ഡിയുടെ പേര് വീണ്ടും ഉയര്‍ന്നുവന്നു. ഇത്തവണയും ട്രാഫിക്ക് നിയമലംഘനമായിരുന്നു. ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് വരും മാസങ്ങളില്‍ പലപ്പോഴായി ഇതേ പേര് ട്രാഫിക്ക് കേസുകളില്‍ ഉയര്‍ന്നുവന്നു. പലതവണയായി ഇതേ പേര് ഉയര്‍ന്നുവന്നതോടെ പൊലീസ് ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷെ ഓരോ തവണയും പ്രാവോ ജസ്ഡിയുടെ അഡ്രസ് മാറുന്നതും വയസ് മാറുന്നതും ലിംഗം മാറുന്നതും പൊലീസിനെ വലച്ചു. ഒരേ പേരില്‍ ഇത്രയും ട്രാഫിക്ക് കേസുകളില്‍ എന്തുകൊണ്ടാണ് വരുന്നതെന്ന ചോദ്യം പൊലീസിനെ കുഴക്കി.
ഓരോ തവണ പ്രാവോ ജസ്ഡിയെ പിടുകൂടുമ്പോഴും അത് വേറൊരാളായിരുന്നു. മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തി കുറ്റകൃത്യം ചെയ്യുന്നയാളാണ് പ്രാവോ എന്ന് പൊലീസ് സംശയിച്ചു. അഡ്രസ് അന്വേഷിക്കുമ്പോള്‍ അങ്ങനെയൊരു പേരുള്ള ആളില്ല, ലൈസന്‍സിലെ ആളുടെ പേര് അതായിരിക്കില്ല. പ്രാവോ അയര്‍ലന്‍ഡ് പൊലീസിന്‍റെ പേടിസ്വപ്നമായി മാറി. 20 വര്‍ഷത്തിനുള്ളില്‍ 50 കേസുകളുണ്ടായി. എന്നാല്‍ ആരാണ് പ്രാവോ എന്ന് പൊലീസിന് തിരിച്ചറിയാനായില്ല.
ഒടുവില്‍ 2017ലാണ് സംഭവത്തില്‍ ട്വിസ്റ്റുണ്ടായത്. രേഖകള്‍ പരിശോധിച്ച ഒരുദ്യോഗസ്ഥന്‍ പ്രാവോ ജസ്ഡിയുടെ കേസുകളില്‍ ഒരു സാമ്യത കണ്ടെത്തി. എല്ലാ കേസുകളിലും അഡ്രസും പേരും ലിംഗവും വയസും വ്യത്യസ്തമാണെങ്കിലും പ്രാവോയുടെ രാജ്യം എന്നും പോളണ്ടായിരുന്നു. ഒരു പോളണ്ട് പൗരനാണ് പ്രാവോ എന്ന് ഉദ്യോഗസ്ഥനില്‍ സംശയമുണര്‍ന്നു. ഒടുവില്‍ പ്രാവോ ജസ്ഡി പോളണ്ട് എന്ന് പൊലീസുകാരന്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയായിരുന്നു. ഇന്‍റര്‍നെറ്റില്‍ വന്ന ഉത്തരം കണ്ട പൊലീസുകാരന് അമളി മനസിലായി. 'പ്രാവോ ജസ്ഡി' എന്നാല്‍ പോളിഷില്‍ 'ഡ്രൈവിങ് ലൈസന്‍സ്' എന്നായിരുന്നു അര്‍ഥം.
ഇത്രയും കാലം പൊലീസ് പേര് എന്ന കോളത്തില്‍ പേരിന് പകരം ലൈസന്‍സിന് മുകളില്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന വാക്കായിരുന്നു എഴുതിയിരുന്നത്. അബദ്ധം പുറത്തായതോടെ അയര്‍ലന്‍ഡ് പൊലീസിന് വന്‍ കളിയക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. 2017ല്‍ നടന്ന സംഭവം വീണ്ടും കുത്തിപൊക്കി ചിരിപടര്‍ത്തുകയാണ് ഇന്‍റര്‍നെറ്റ് ലോകം.