പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്‍റെ തലസ്ഥാനമായ ക്വറ്റയില്‍ ട്രെയിന്‍ തട്ടിയെടുത്ത് യാത്രക്കാരെ ഭീകരര്‍ ബന്ദികളാക്കിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ ട്രാക്കില്‍ സ്ഫോടനം നടക്കുന്നതായി വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
സ്ഫോടനം നടത്തിയതിന് പിന്നാലെ ട്രെയിനടുത്തേക്ക് എത്തുന്ന ഭീകരര്‍ യാത്രക്കാരെ പുറത്തിറക്കി ബന്ദിയാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ ബലൂചിസ്ഥാനില്‍ നിന്ന് പിന്‍മാറണമെന്നും അല്ലെങ്കില്‍ പാക്കിസ്ഥാനും ചൈനയും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബിഎല്‍എ ഭീഷണി മുഴക്കി.
180 പേരെയാണ് ഇന്നലെ ട്രെയിന്‍ റാഞ്ചലിലൂടെ ഭീകരര്‍ ബന്ദികളാക്കിയത്. ഇവരില്‍ 155 പേരെ പാക്ക് സൈന്യം ഇതിനകം മോചിപ്പിച്ചു.16ലേറെ ഭീകരരെയും സൈന്യം വധിച്ചു. ക്വറ്റയില്‍ നിന്ന് വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസാണ് മഷ്കഫ് തുരങ്കത്തില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ബിഎല്‍എയുടെ ചാവേര്‍ സംഘമായ മജീദ് ബ്രിഗേഡിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ലോക്കോ പൈലറ്റിന് ഗുരുതരമായി പരുക്കേറ്റിരുന്നു.