ബ്രിട്ടനില്‍ കുടിയേറ്റവിരുദ്ധ വികാരം ശക്തമെന്ന് കേംബ്രിജ് മേയറും മലയാളിയുമായ ബൈജു തിട്ടാല മനോരമ ന്യൂസിനോട്. കുടിയേറ്റക്കാരെല്ലാം പ്രശ്നക്കാരെന്ന നിലപാടാണ് പൊതുവെ. ഭാവിയില്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനാണ് താല്‍പര്യമെന്നും ഡല്‍ഹിയില്‍ എത്തിയ ബൈജു പറഞ്ഞു.
കോട്ടയം സ്വദേശിയായ ബൈജു തിട്ടാല ഡല്‍ഹിയിലെ പഠനശേഷമാണ് യു.കെയിലേക്ക് കുടിയേറിയത്. നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത് അവിടെ പ്രാക്റ്റീസും തുടങ്ങി. ഒപ്പം രാഷ്ട്രീയത്തിലും സജീവമായി. 2018 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കേംബ്രിജ് മേയറായത്. അവിടെ രാഷ്ട്രീയം തൊഴിലല്ലാത്തതുകൊണ്ട് ഇപ്പോഴും അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുന്നു. ഉന്നതപദവിയിലെത്തിയെങ്കിലും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ വികാരം നേരിട്ടനുഭവിക്കുന്നുണ്ടെന്ന് ബൈജു പറയുന്നു.
തീവ്രവലതുപക്ഷ നിലപാടുകള്‍ ബ്രിട്ടനില്‍ ശക്തമാവുകയാണ്. പ്രവാസികള്‍ മുഴുവന്‍ പ്രശ്നക്കാരെന്ന നിലപാടാണ് പലര്‍ക്കും. അത് അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ അഭിഭാഷകാനാകാനുള്ള യോഗ്യതാപരീക്ഷ വിജയിച്ച് എന്‍റോള്‍ ചെയ്ത ബൈജു തിട്ടാല സുപ്രീംകോടതിയില്‍ അടക്കം പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ഭാവിയില്‍ നാട്ടില്‍ സ്ഥിരതാമസമാക്കാനാണ് ആഗ്രഹം.