Image: instagram.com/officialpeppa
ലോകമെങ്ങും ആരാധകരുള്ള കാര്‍ട്ടൂണ്‍ 'കുടുംബ'മാണ് 'പെപ്പ പിഗിന്‍റേത്.പെപ്പയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്നതാണ് ആരാധകരെ ഞെട്ടിച്ച പുതിയ വിശേഷം. താന്‍ ഗര്‍ഭിണിയാണെന്നും കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുവെന്നുമുള്ള വാര്‍ത്ത 'മമ്മി പിഗ്' ആണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പങ്കുവച്ചത്. ' പുതിയൊരാള്‍ കൂടി എത്തുന്നതോടെ ഞങ്ങളുടെ കുടുംബം വലിയതാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. വൈകാതെ ബേബി പുറത്തുവരും. ഞങ്ങളെല്ലാം അതിനായുള്ള കാത്തിരിപ്പിലാണ്.. അഞ്ചുവയസിന് താഴെയുള്ള മൂന്ന് കുട്ടികള്‍ വീട്ടില്‍ ഓടി നടക്കുന്നതോര്‍ത്തിട്ട് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ'യെന്നും മമ്മി പിഗ് കുറിച്ചു. ജൂണിലാവും കുഞ്ഞതിഥി പെപ്പ കുടുംബത്തിലേക്ക് എത്തുക.
താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പെപ്പ കണ്ടു പിടിക്കുന്നതിന് മുന്‍പ് തന്നെ അവളോട് പറഞ്ഞുവെന്നും പെപ്പയോട് ഒന്നും രഹസ്യമാക്കി വയ്ക്കാനാവില്ലെന്നും മമ്മി പിഗ് കൂട്ടിച്ചേര്‍ത്തു. 'കുഞ്ഞു വാവയ്ക്ക് എത്ര വലിപ്പമുണ്ടാകും? ദിനോസറുകളെയും ചെളിയില്‍ കളിക്കുന്നതും ഇഷ്ടമാകുമോ എന്ന് തുടങ്ങി ചറപറ സംശയങ്ങളാണ് പെപ്പയ്ക്കും ജോര്‍ജിനും ഉണ്ടായിരുന്നത്'- മമ്മി പിഗ് വിശദീകരിച്ചു.
അതേസമയം, മമ്മി പിഗിന്റെ 'വിശേഷം' കേട്ട ഞെട്ടലിലും സന്തോഷത്തിലുമാണ് കാര്‍ട്ടൂണ്‍ ആരാധകരും കുരുന്നുകളും. 'ജോര്‍ജിന് ചെറിയ കുശുംബൊക്കെ ഇനി തോന്നിത്തുടങ്ങും', 'പെപ്പയ്ക്ക് അനിയനോ അതോ അനിയത്തിയോ?', 'ബേബി ഷവര്‍ നടത്തണം' എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗുഡ് മോര്‍ണിങ് ബ്രിട്ടനിലൂടെയാണ് വാര്‍ത്ത ആദ്യം നിര്‍മാതാക്കള്‍ പങ്കുവച്ചത്. ഇതേച്ചൊല്ലി വിവാദവുമുണ്ടായി.
അതേസമയം, കുഞ്ഞനിയന്‍മാരെയും അനിയത്തിമാരെയും കാത്തിരിക്കുന്ന കുട്ടികള്‍ക്ക് പരമ്പരയിലെ തുടര്‍ഭാഗങ്ങള്‍ രസകരമാകുമെന്നും ജീവിതത്തിലെ പുതിയ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അവരെ പുതിയ എപ്പിസോഡുകള്‍ സഹായിക്കുമെന്നും പെപ്പ പിഗിന്‍റെ മാനെജ്മെന്‍റായ ഹസ്ബ്രോയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് എസ്ര കാഫെര്‍ പ്രതികരിച്ചു. ഡാഡി പിഗ്, മമ്മി പിഗ്, കുഞ്ഞനിയന്‍ ജോര്‍ജ്, പിന്നെ ഗ്രാന്‍ഡ്പാ പിഗ്, സൂസി ഷീപ്പ്, ദിനോസറുകള്‍ എന്നിവയെല്ലാമടങ്ങുന്ന ചെറിയ വലിയ ലോകത്തിലെ കഥകളാണ് 'പെപ്പ പിഗ്' ഓരോ എപിസോഡിലും പറയുന്നത്.