Nilam Shinde

യുഎസിൽ അപകടത്തില്‍പ്പെട്ട് കോമയിലായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ  അടുത്തെത്താനാകാതെ മാതാപിതാക്കള്‍.  വീസ ലഭിക്കാത്തതാണ്  തിരിച്ചടിയായത്.  മഹാരാഷ്ട്രയില്‍ നിന്നുള്ള നിലാം ഷിൻഡെയാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഫെബ്രുവരി 14ന് കലിഫോർണിയയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞതു മുതല്‍ മഹാരാഷ്ട്രയിലെ സത്താറയിലുള്ള  യുവതിയുടെ പിതാവ്  വീസയ്ക്കായുള്ള അലച്ചിലിലാണ്.

നടക്കാനിറങ്ങിയ വിദ്യാര്‍ഥിനിയെ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനാപകടത്തില്‍ നിലം ഷിൻഡെയുടെ നെഞ്ചിലും തലയിലും ഗുരുതരമായ പരുക്കുകളുണ്ട്. കൈകൾക്കും കാലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. പൊലീസാണ് ആശുപത്രിയിലെത്തിക്കുന്നത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ്  കുടുംബം വിവരം അറിയുന്നത്. മകള്‍ക്കൊപ്പം താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് വിവരം അറിയിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയതായും എത്രയും പെട്ടെന്ന് യുഎസിലെത്താന്‍ ‌ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ‘ഫെബ്രുവരി 16 നാണ് ഞങ്ങൾ അപകടത്തെക്കുറിച്ച് അറിഞ്ഞത്, അന്നുമുതൽ വീസയ്ക്കായി ശ്രമിക്കുന്നു. പക്ഷേ ഇതുവരെ ലഭിച്ചില്ല. പാസ്‌പോർട്ട് ഓഫീസിൽ വീസ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അടുത്ത സ്ലോട്ട് അടുത്ത വർഷത്തേക്കാണ്’ നിലാമിന്‍റെ കുടുംബം എന്‍ഡിടിവിയോട് പറഞ്ഞു.

കുടുംബത്തിനായി സഹായം അഭ്യര്‍ഥിച്ച് എൻ‌സി‌പി (എസ്‌പി) എംപി സുപ്രിയ സുലെ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്ത പോസ്റ്റില്‍, നിലാമിന്‍റെ പിതാവിന് വീസ ലഭ്യമാക്കാന്‍  സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ‘ഇത് വളരെ ആശങ്കയുണ്ടാക്കുന്നു. നാമെല്ലാവരും ഒത്തുചേര്‍ന്ന് പരിഹരിക്കണം. അവര്‍ക്ക് വീസ ലഭിക്കുമെന്ന് താന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സുപ്രിയ സുലെ എൻഡിടിവിയോട് പറഞ്ഞു. മുംബൈയിലെ യുഎസ് എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.

അതേസമയം വിദ്യാര്‍ഥിനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് കുടുംബം പറയുന്നു. നാല് വർഷമായി യുഎസിലാണ് നിലാം ഷിന്‍ഡെ. അവസാന വർഷ വിദ്യാര്‍ഥിയായിരിക്കെയാണ് അപകടമുണ്ടാകുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ അമ്മ മരിച്ചത്.

ENGLISH SUMMARY:

The family of Nilam Shinde, an Indian student from Maharashtra, is desperately seeking a U.S. visa to reach her after she was critically injured in an accident in California on February 14. Nilam, who hails from Satara, Maharashtra, is currently in a coma with severe injuries to her head and chest, along with multiple fractures in her arms and legs.